chenkal-temple

പാറശാല: ലോകത്തെ ഏറ്റവും ഉയരമുള്ള മഹാശിവലിംഗം സ്ഥിതിചെയ്യുന്നതും ദക്ഷിണ കൈലാസം എന്നറിയപ്പെടുന്നതുമായ മഹേശ്വരം ശ്രീശിവപാർവതി ക്ഷേത്രം വിശ്വപ്രസിദ്ധി ആർജ്ജിച്ചതായും അതുകൊണ്ടുതന്നെ ക്ഷേത്രത്തെ ടൂറിസം രേഖകളിൽ ഉൾപ്പെടുത്താൻ ടൂറിസം വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തീർത്ഥാടകർക്കായി നിർമ്മിച്ച വിശ്രമ കേന്ദ്രവും തുലാഭാര മണ്ഡപവും ഉദ്‌ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ക്ഷേത്രത്തെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്നതിന്റെ മുന്നോടിയായി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പിക്നിക് ആൻഡ് ടൂറിസം പദ്ധതിയിൽ പ്പെടുത്തി സർക്കാർ ആദ്യഗഡുവായി രണ്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. മുൻ കോളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ എം. നന്ദകുമാർ, ക്ഷേത്ര ട്രസ്റ്റ് രക്ഷാധികാരി തുളസീദാസൻ നായർ, മേൽശാന്തി കുമാർ മഹേശ്വരം, സെക്രട്ടറി വിഷ്ണു, നിംസ് മെഡിസിറ്റി എം.ഡി. ഡോ. ഫൈസൽഖാൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സംഘാടക സമിതി കൺവീനർ വി.കെ. ഹരികുമാർ സ്വാഗതവും കെ.പി. മോഹനൻ നന്ദിയും പറഞ്ഞു.