isro
isro

തിരുവനന്തപുരം:തമിഴ്നാട്ടിലെ തൂത്തുകുടിയിൽ ഇന്ത്യയുടെ പുതിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം നിർമ്മിക്കുന്നു. കുലശേഖരപട്ടണത്ത്

2,300 ഏക്കറിലാണ് കൂറ്റൻ കേന്ദ്രം സ്ഥാപിക്കുന്നത്. അഞ്ഞൂറ് കിലോ വരെ ഭാരമുള്ള ചെറിയ ഉപഗ്രഹങ്ങൾക്കും വാണിജ്യ വിക്ഷേപണങ്ങൾക്കും വേണ്ടി ഐ. എസ്. ആർ. ഒ വികസിപ്പിച്ച കുഞ്ഞൻ റോക്കറ്റായ എസ്.എസ്.എൽ.വി ദൗത്യങ്ങൾക്കാണ് പുതിയ കേന്ദ്രം. പി. എസ്. എൽ. വി റോക്കറ്റിന്റെ മിനി രൂപമാണ് എസ്.എസ്.എൽ.വി അഥവാ സ്‌മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. അടുത്ത വർഷം അവസാനം വിക്ഷേപണം തുടങ്ങും. ഇതോടെ മറ്റ് ബഹിരാകാശ വൻശക്തികളെ പോലെ ഇന്ത്യയ്‌ക്കും ഒന്നിലേറെ വിക്ഷേപണ നിലയങ്ങൾ സ്വന്തമാകും. വലിയ വിക്ഷേപണങ്ങൾ നടത്താത്ത തുമ്പ കൂടി കണക്കാക്കിയാൽ ഇന്ത്യയുടെ മൂന്നാമത്തെ വിക്ഷേപണ കേന്ദ്രമാണ് തൂത്തുക്കുടി.

നിലവിൽ ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ മാത്രമാണ് വിക്ഷേപണ കേന്ദ്രമുള്ളത്. അവിടെ ഭാരംകൂടിയ ഉപഗ്രഹങ്ങൾക്കും ഗോളാന്തര വിക്ഷേപണങ്ങളും, ഗഗൻയാനും പോലുള്ള ദൗത്യങ്ങൾക്കും പ്രാധാന്യം നൽകാനാണ് തീരുമാനം. ഐ.എസ്.ആർ.ഒ.യുടെ സ്വന്തം വിക്ഷേപണങ്ങളും വാണിജ്യ ദൗത്യങ്ങളും വർദ്ധിച്ചതോടെയാണ് പുതിയ കേന്ദ്രം വേണ്ടിവന്നത്.

പുതിയ കേന്ദ്രം ഗുജറാത്തിൽ സ്ഥാപിക്കാനായിരുന്നു ആലോചന. എന്നാൽ ഭൂമദ്ധ്യരേഖയും ദക്ഷിണധ്രുവവുമായുമുള്ള അടുപ്പവും ഭൂമി ലഭ്യതയും ഉൾപ്പെടെ അനുകൂല സാഹചര്യങ്ങൾ തൂത്തുക്കുടിയിലാണ്. പി. എസ്. എൽ. വിയുടെ രണ്ടും നാലും സ്റ്റേജ് എൻജിനുകൾ നിർമ്മിക്കുന്ന തിരുനെൽവേലി ജില്ലയിലെ മഹേന്ദ്രഗിരി ലിക്വിഡ് പ്രൊപ്പൽഷൻ സെന്ററും അടുത്താണ്.

ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ജനവാസ മേഖലകളായ ശ്രീലങ്ക, ലക്ഷദ്വീപ്, മാലദ്വീപ് എന്നിവ ഒഴിവാക്കാൻ ആദ്യം കിഴക്കോട്ടും പിന്നീട് തിരിഞ്ഞ് തെക്കുകിഴക്കോട്ടും പറക്കണം. സഞ്ചാരപഥം നേർരേഖയിലല്ല. ശ്രീലങ്കയെ ചുറ്റി പോകുന്നതിനാൽ കൂടുതൽ ഇന്ധനം വേണം. ചെലവും കൂടുതലാണ്. തൂത്തുക്കുടിയിൽ ഇത് ഒഴിവാക്കാം. എസ്. എസ്. എൽ.വി റോക്കറ്റുകൾക്ക് ഇന്ധനം കുറവായതിനാൽ ചുറ്റിക്കറങ്ങാതെ പെട്ടെന്ന് ബഹിരാകാശത്ത് എത്തിക്കണം.

തൂത്തുകുടിയുടെ പ്രത്യേകത

തെക്കോട്ട് നേർരേഖയിൽ വിക്ഷേപിക്കാം

ദക്ഷിണധ്രുവത്തിലേക്ക് പെട്ടെന്ന് എത്താം

ഭൂമദ്ധ്യരേഖയ്‌ക്ക് മീതേ പെട്ടെന്ന് ഭ്രമണപഥത്തിൽ എത്താം

പരാജയപ്പെട്ടാൽ ബംഗാൾ ഉൾക്കടലിൽ പതിക്കും.

മനുഷ്യവാസ മേഖല ഒഴിവാകും

ശ്രീലങ്ക, ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്രം, മാലദ്വീപ് എന്നിവ ഒഴിവാക്കാം

കൂടുതൽ വിദേശ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാം

ശ്രീഹരിക്കോട്ട സതീഷ്ധവാൻ കേന്ദ്രം

സ്ഥാപിച്ചത് 1971 ൽ

 മൂന്ന് വിക്ഷേപണത്തറകൾ

ഒന്ന് പി.എസ്. എൽ.വി റോക്കറ്റിന്

രണ്ട് ജി.എസ്.എൽ.വി റോക്കറ്റിന്

മൂന്ന് ഗഗൻയാൻ പോലുള്ള പ്രത്യേക ദൗത്യം

147 ചതുരശ്ര കി.മീ വിസ്തൃതി

 1994 മുതൽ വിക്ഷേപണം

''തൂത്തുകുടി ഉപഗ്രഹകേന്ദ്രം അടുത്ത വർഷം അവസാനം തുറക്കാനാകും. അതിനു മുന്നോടിയായി അടുത്തവർഷം ജനുവരിയിൽ എസ്.എസ്. എൽ.വി റോക്കറ്റ് ശ്രീഹരിക്കോട്ടയിൽ നിന്ന് രണ്ട് പരീക്ഷണ പറക്കലുകൾ നടത്തും.''

ഡോ.കെ.ശിവൻ

ഐ.എസ്. ആർ.ഒ ചെയർമാൻ