മുകളിൽ കാണുന്നത് ശനിയാഴ്ച രാത്രി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഗോകുലം കേരള എഫ്.സിയും നെരോക്ക എഫ്.സിയും തമ്മിലുള്ള ഐ. ലീഗ് ഫുട്ബാൾ മത്സരം വീക്ഷിക്കാനെത്തിയവർ ഗാലറിയിൽ തിങ്ങിനിറഞ്ഞിരിക്കുന്ന ചിത്രം. താഴെ ഞായറാഴ്ച കൊച്ചി കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ളാസ്റ്റേഴ്സും എഫ്.സി ഗോവയും തമ്മിലുള്ള ഐ.എസ്.എൽ മത്സരത്തിന് സാക്ഷിയായ ഗാലറിയിൽനിന്നുള്ള ദൃശ്യം.
താരത്തിളക്കത്തിലും പണക്കൊഴുപ്പിലും ഏറെ മുന്നിലുള്ള ഐ.എസ്.എല്ലിനെക്കാൾ കൂടുതൽ കാണികളെ ആകർഷിക്കാൻ ഗോകുലത്തിന്റെ ഐ ലീഗ് മത്സരത്തിന് കഴിഞ്ഞെങ്കിൽ അതിന്കാരണം ടീമുകളുടെ പ്രകടനത്തിലെ വ്യത്യാസം തന്നെ. ബ്ളാസ്റ്റേഴ്സ് ഇൗ സീസണിലെ ആദ്യമത്സരത്തിനുശേഷം ഇതുവരെ വിജയിച്ചിട്ടില്ല. അതേസമയം ഗോകുലം കഴിഞ്ഞ ഐലീഗ് സീസണിലെ മാന്യമായ പ്രകടനത്തിനുശേഷം ഡുറൻഡ് കപ്പ് നേടുകയും ഇൻവിറ്റേഷൻ ടൂർണമെന്റിൽ മികവ് ആവർത്തിക്കുകയും ചെയ്തു. ഇൗ സീസണിലെ ആദ്യമത്സരത്തിൽ നെരോക്ക എഫ്.സിയെ 2-1ന് കീഴടക്കുകയും ചെയ്ത ഗോകുലം വനിതാ ആരാധകർക്ക് സൗജന്യപ്രവേശനം നൽകാനുള്ള വിപ്ളവകരമായ തീരുമാനമെടുക്കുകയും ചെയ്തു.
ഐ.എസ്.എല്ലിന്റെ പുറമേയുള്ള പകിട്ടിലല്ല, ഗ്രൗണ്ടിലെ പ്രകടനത്തിലാണ് കാര്യമെന്ന് ബ്ളാസ്റ്റേഴ്സ് ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കിൽ കഴിഞ്ഞസീസണിലേതുപോലെ കൊച്ചിയിലെ ആളൊഴിഞ്ഞ ഗാലറികൾക്ക് മുന്നിൽ അവർക്ക് കളിക്കേണ്ടിവരും.
ഒൗദ്യോഗിക കണക്കുകൾ അനുസരിച്ച് 31181 പേരാണ് കോഴിക്കോട് കളിക്കാനെത്തിയത്. കൊച്ചിയിൽ 21157 പേരും. പതിനായിരത്തിലേറെപ്പേരാണ് ഐ ലീഗിന് കൂടുതലായെത്തിയത്.