തിരുവനന്തപുരം : അടിയന്തരസേവനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി പൊലീസിന് സ്ഥിരമായി ഹെലിക്കോപ്ടർ വാടകയ്ക്കെടുക്കാനുള്ള നീക്കം വിവാദത്തിൽ. കുറഞ്ഞ തുകയ്ക്ക് മികച്ച സേവനം വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയുടെ ഇടപെടലിനെ തുടർന്നാണ് സർക്കാർ നഷ്ടകരാറിൽ ഏർപ്പെടുന്നതെന്നും ആരോപണമുണ്ട്.പ്രതിമാസം 1.44 കോടി രൂപ ചെലവഴിച്ച് ഡൽഹി ആസ്ഥാനമായ പവർഹാൻസിൽ നിന്ന് ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാനാണ് തീരുമാനിച്ചത്. പ്രതിമാസം 20മണിക്കൂർ ഉപയോഗിക്കാം.അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ വീതം നൽകണം. എന്നാൽ ഡൽഹി ആസ്ഥാനമായ ചിപ്‌സൺ ഏവിയേഷൻ എന്ന കമ്പനി ഇതേ തുകയ്ക്ക് കണ്ണൂരും കൊച്ചിയും തിരുവനന്തപുരത്തുമായി മൂന്നു ഹെലികോപ്റ്റർ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഇരുപത് മണിക്കൂറിനു പകരം അറുപത് മണിക്കൂർ സേവനവും ഉറപ്പ് നൽകി. എന്നാൽ ഇത് പിന്തള്ളിയാണ് പവൻഹാൻസുമായി കരാറിലേർപ്പെടാൻ തീരുമാനിച്ചതെന്നാണ് ആരോപണം. ഈമാസം 10ന് കരാർ ഒപ്പിടാനിരിക്കെ ചിപ്സൺ ഏവിയേഷൻ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുമുണ്ട്.
ഹെലികോപ്ടർ വാങ്ങുന്ന കാര്യം തീരുമാനിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രുപീകരിച്ച സമിതിയിൽ അംഗമല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയാണ് എല്ലാ നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചതെന്നും ആക്ഷേപമുണ്ട്. പവർഹാൻസിൽ നിന്നു 11സീറ്റുള്ള ഇരട്ട എൻജിൻ ഹെലികോപ്റ്ററാണ് വാടകയ്ക്കെടുക്കുന്നത്. ചിപ്‌സൺ വാഗ്ദാനം ചെയ്ത ആറു സീറ്റ് വരെയുള്ള ഒറ്റ എൻജിൻ ഹെലികോപ്റ്റർ നക്‌സൽ വിരുദ്ധ പ്രവർത്തനം പോലെയുള്ള ഓപ്പറേഷനുകൾക്കു മതിയാവില്ലെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന മറുപടി. അതേസമയം പൊതുമേഖലാ സ്ഥാപനമായതിനാലാണ് പവർഹാൻസുമായി കരാറിലേർപ്പെടുന്നതെന്നാണ് സർക്കാർ വാദം.