തിരുവനന്തപുരം : സംസ്ഥാന വോളിബാൾ അസോസിയേഷന്റെ പകപോക്കൽ കാരണം സംസ്ഥാന ചാമ്പ്യൻഷിപ്പിൽനിന്ന് മാറ്റിനിറുത്തപ്പെട്ട അർജുന അവാർഡ് ജേതാവായ ടോം ജോസഫിന്റെ കണ്ണീര് വീഴാൻ അനുവദിക്കില്ലെന്ന് സംസ്ഥാന വോളിബാൾ അസോസിയേഷൻ പ്രസിഡന്റ് മേഴ്സിക്കുട്ടൻ പറഞ്ഞു. ഇന്നലെ ടോം ജോസഫിനെതിരായ കള്ളക്കളികളെക്കുറിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു മേഴ്സിക്കുട്ടൻ.
രണ്ട് പതിറ്റാണ്ടോളം കേരളത്തിനായി വിയർപ്പൊഴുക്കിയ ടോമിനെപ്പോലൊരു കളിക്കാരന് കണ്ണീരോടെ കളിക്കളം വിടേണ്ടിവരുന്ന അവസ്ഥ വളരെ പരിതാപകരമാണെന്നും ഇൗ വിഷയത്തിൽ സംസ്ഥാന സ്പോർട്സ് കൗൺസിൽ ശക്തമായി ഇടപെടുമെന്നും മേഴ്സിക്കുട്ടൻ പറഞ്ഞു.
ടോം ജോസഫിന്റെ പ്രശ്നം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും താരത്തിന്റെ പരാതി ലഭിച്ചാലുടൻ വിഷയത്തിൽ ഇടപെടുമെന്നും സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ പറഞ്ഞു.
മുൻ ഇന്ത്യൻതാരമായ ടോം ജോസഫ് ഇക്കുറി സംസ്ഥാന ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് കളിക്കളത്തോട് വിട പറയാനാണ് ആഗ്രഹിച്ചത്. എന്നാൽ എറണാകുളം ജില്ലാ ചാമ്പ്യൻഷിപ്പിൽ കളിച്ച ടോമിന് സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നൽകേണ്ടതില്ലെന്ന് സംസ്ഥാന അസോസിയേഷൻ നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് പാലക്കാട് ജില്ലയ്ക്കുവേണ്ടി കളിക്കാൻ ശ്രമിച്ചെങ്കിലും അനുമതി പത്രം നിഷേധിച്ചു. പ്രതിഷേധത്തിനൊടുവിൽ എൻ.ഒ.സി നൽകിയെങ്കിലും പാലക്കാട് ജില്ലാ അസോസിയേഷനെതന്നെ വിലക്കിയാണ് സംസ്ഥാന അസോസിയേഷൻ പ്രതികാരം ചെയ്തത്. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷനെ സസ്‌പെൻഡ് ചെയ്ത് സംസ്ഥാന അസോസിയേഷൻ സ്വന്തം നിലയിൽ ടീം പ്രഖ്യാപിച്ച് കളി നടത്തുകയും ചെയ്തു. ഇതിനെതിരെ വോളിബാൾ ആരാധകർക്കിടയിൽ പ്രതിഷേധം പുകയുകയാണ്.
ഒരു കളിക്കാരനും ഇൗ രീതിയിൽ അവഹേളിക്കപ്പെടാൻ പാടില്ല. ടോമിനെപ്പോലെ നാടിന്റെ അഭിമാനമായ വോളിബാൾ താരത്തെ വേട്ടയാടുന്ന അസോസിയേഷന്റെ തൻപ്രമാണിത്വം വകവച്ചുകൊടുക്കാൻ സ്പോർട്സ് കൗൺസിലിന് കഴിയില്ല. അസോസിയേഷൻ പല വിഷയങ്ങളിലും ഇത്തരത്തിലുള്ള സമീപനങ്ങളാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.
മേഴ്സിക്കുട്ടൻ
പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ
ടോം ജോസഫിന്റെ പരാതി ലഭിച്ചാൽ ഉടൻ ഇടപെടും. വിഷയം ദേശീയ ഒളിമ്പിക് അസോസിയേഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും.
വി. സുനിൽകുമാർ
പ്രസിഡന്റ് , കേരള ഒളിമ്പിക് അസോസിയേഷൻ