തിരുവനന്തപുരം: കേരള ഭരണ സർവീസിലെ( കെ.എ.എസ്) രണ്ടാം സ്ട്രീമിലേക്ക് പി.എസ്.സി, നിയമസഭാ സെക്രട്ടേറിയറ്റ്, ഓഡിറ്റ് വകുപ്പ്, അഡ്വക്കറ്റ് ജനറൽ ഓഫീസ് തുടങ്ങിയ ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉപാധികൾക്ക് വിധേയമായി അപേക്ഷിക്കാമെന്ന് പി.എസ്.സി അറിയിച്ചു. സർവീസ് സർട്ടിഫിക്കറ്റ് അനുവദിക്കുന്ന മുറയ്ക്കാണിത്. . എന്നാൽ, ഇവരെ കെ.എ.എസിൽ പ്രവേശിപ്പിക്കുന്നതിൽ സർക്കാർ തലത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല.
നേരത്തേ, ഭരണഘടനാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കെ.എ.എസിലേക്ക് അപേക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് സർക്കാർ ചട്ടം പുറത്തിറക്കിയിരുന്നു. എന്നാൽ സർക്കാർ നിർദേശം മറികടന്ന് ചില ഭരണഘടനാ സ്ഥാപനങ്ങൾ ജീവനക്കാർക്ക് സർവീസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ഇതുപയോഗിച്ച് പലരും രണ്ടാം സ്ട്രീമിലേക്ക് അപേക്ഷിക്കുകയും ചെയ്തു. ഇതോടെയാണ് എല്ലാ ഭരണഘടന സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും സർവീസ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് സ്ട്രീം രണ്ടിലേക്ക് അപേക്ഷ നൽകാമെന്ന് പി.എസ്.സി തീരുമാനിച്ചത്. ഇതു സംബന്ധിച്ച് പി.എസ്.സി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സർക്കാരിൽ നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അഭിമുഖ വേളയിൽ ഇവരെ പുറത്താക്കുമെന്നുമാണ് പി.എസ്.സിയുടെ നിലപാട്.
സൂപ്പർ ന്യൂമററി തസ്തികകളിൽ രണ്ട് വർഷം പൂർത്തിയാക്കിയവർക്കും സ്ട്രീം രണ്ടിൽ അപേക്ഷിക്കാം. ഡിവിഷണൽ അക്കൗണ്ടന്റ് ട്രെയിനികൾക്ക് സ്ട്രീം രണ്ടിലും പ്രൊബേഷൻ പൂർത്തിയാക്കിയവർക്ക് സ്ട്രീം മൂന്നിലും അപേക്ഷിക്കാനുള്ള വ്യവസ്ഥയും പി.എസ്.സി അംഗീകരിച്ചിട്ടുണ്ട്. സാമൂഹിക നീതി വകുപ്പിൽ നിന്ന് വേർപെടുത്തിയ വനിതാശിശുക്ഷേമ വകുപ്പിലെ ജീവനക്കാർക്ക് സ്ട്രീം മൂന്നിലും അവസരം ലഭിക്കും. കെ.എ.എസ് ചട്ടം തയ്യാറാക്കുമ്പോൾ ഇവർ സാമൂഹികനീതി വകുപ്പിന്റ ഭാഗമായിരുന്നുവെന്നത് പരിഗണിച്ചാണ് ഇളവ് അനുവദിച്ചത്.
ഏതെങ്കിലും തസ്തികയിൽ പ്രൊബേഷൻ പൂർത്തീകരിച്ച സർക്കാർ ജീവനക്കാർക്ക് സ്ട്രീം രണ്ടിൽ അപേക്ഷിക്കാം. നിലവിലുള്ള തസ്തികയിൽ അവർ പ്രൊബേഷണറാണെങ്കിലും അപേക്ഷ സ്വീകരിക്കും. എന്നാൽ ഇവർ ഷെഡ്യൂൾ ഒന്നിൽ പറയുന്ന വകുപ്പുകളിൽ ഒന്നാം ഗസറ്റഡ് തസ്തികയിൽ ജോലി ചെയ്യുന്നവരാകരുത്. അവർക്ക് ഷെഡ്യൂൾ മൂന്നിൽ മാത്രമേ അപേക്ഷിക്കാനാകൂ. നിലവിൽ പ്രൊബേഷനിലാണെങ്കിലും അവരുടെ അപേക്ഷകൾ സ്വീകരിക്കും. മുമ്പ് പ്രൊബേഷൻ പൂർത്തിയാക്കിയതു പരിഗണിച്ചാണ് അവർക്ക് അവസരം നൽകുന്നത്. ഡിസംബർ നാലാണ് കെ.എ.എസിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഇതുവരെ മൂന്ന് സ്ട്രീമിലേക്കുമുള്ള അപേക്ഷകരുടെ എണ്ണം നാലര ലക്ഷം കടന്നതായി പി.എസ്.സി അറിയിച്ചു.