agriculture

കിളിമാനൂർ: ഇന്ത്യയിൽ കൃഷിചെയ്യുന്ന കാർഷികോത്പന്നങ്ങൾക്ക് വൻ വിലതകർച്ച നേരിടാൻ പര്യാപ്തമായ മേഖലാ സമ​ഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (ആർ.സി.ഇ.പി) ഇന്ത്യ ഒപ്പുവെയ്ക്കരുതെന്ന് കേരളാ കർഷകസംഘം തിരുവനന്തപുരം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അഖിലേന്ത്യാ കിസാൻ സഭയടക്കമുള്ള കർഷകസംഘടനകളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് തത്കാലം കരാറിൽ ഒപ്പുവെയ്ക്കേണ്ടതില്ലെന്ന് നരേന്ദ്രമോദി സർക്കാർ തീരുമാനിച്ചെങ്കിലും കരാർ ഒപ്പുവെയ്ക്കുമെന്ന ഭീഷണി ഇന്നും നിലനിൽക്കെന്നെന്നും സമ്മേളനം ആശങ്ക പ്രകടിപ്പിച്ചു. ഈ കരാറിൽ ഇന്ത്യ ഒപ്പുവെച്ചാൽ കാർഷിക ക്ഷീരോത്പാദക മത്സ്യബന്ധന മേഖല പൂർണമായും തകരുമെന്നും അത് കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും സമ്മേളനം വിലയിരുത്തി. അതൊടൊപ്പം കാട്ടുപന്നിയടക്കമുള്ള വന്യമൃ​ഗങ്ങളുടെ രൂക്ഷമായ ആക്രമണം മൂലം കർഷകർക്കുണ്ടാകുന്ന ഭീമമായ നഷ്ടം നികത്താനും കർഷകരെ സംരക്ഷിക്കുന്നതിനും നടപടിയുണ്ടാകണമെന്ന പ്രമേയവും അവതരിപ്പിക്കപ്പെട്ടു. രണ്ടുദിവസമായി ചെറുന്നിയൂർ കൃഷ്ണൻകുട്ടി ന​ഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം കിളിമാനൂർ) നടന്ന സമ്മേളനത്തിന്റെ റിപ്പോർട്ടിൽ വിവിധ ഏരിയാകളിൽ നിന്നായി 27 പേർ പങ്കെടുത്തു. തുടർന്ന് ജില്ലാ സെക്രട്ടറി കെ.സി. വിക്രമൻ സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ എന്നിവർ ചർച്ചക്ക് മറുപടി നൽകി. റിപ്പോർട്ട് ഏകകണ്ഠേന അം​ഗീകരിച്ചു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കർഷകസംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് എൻ. കൃഷ്ണൻനായർ, സംസ്ഥാന വൈസ് പ്രസിഡന്റ് എം. വിജയകുമാർ, ജോയിന്റ് സെക്രട്ടറി ​ഗോപി കോട്ടമുറിക്കൽ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ട്രഷറർ ഡി.കെ. മുരളി എം.എൽ.എ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി വി.എസ്. പത്മകുമാർ (പ്രസിഡന്റ്), അഡ്വ. എസ്. ജയചന്ദ്രൻ, അഡ്വ. ആർ. രാജ്മോഹൻ, എം.എം. ബഷീർ (വൈസ് പ്രസിഡന്റുമാർ), കെ.സി. വിക്രമൻ (സെക്രട്ടറി), ജി. രാജൻ, ഐ. സുരജാ ദേവി, അഡ്വ. ആർ. ജയദേവൻ (ജോയിന്റ് സെക്രട്ടറിമാർ). ഡി.കെ. മുരളി എം.എൽ.എ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.