university-college

തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് ക്ലാസുകൾക്ക് അവധിയായിരുന്ന ഇന്നലെ യൂണിവേഴ്സിറ്റി കോളേജ്‌‌ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തിലെ കമ്പ്യൂട്ടർ ലാബിന്റെ ജനാല ചില്ലുകളും അച്ചടക്ക സമിതി അംഗമായ ഗണിതവിഭാഗം മേധാവി ബാബുവിന്റെ ബൈക്കും വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം അടിച്ചുതകർത്തു. സെമസ്റ്റർ പരീക്ഷയ്ക്കുശേഷം മടങ്ങിയ പെൺകുട്ടികളെ അക്രമി സംഘം വിരട്ടിയോടിക്കുകയും അദ്ധ്യാപകരോട് തട്ടിക്കയറുകയും ചെയ്തു. സംഭവത്തിനു പിന്നിൽ എസ്.എഫ്.ഐ പ്രവർത്തകരാണെന്നാണ് ആക്ഷേപം. വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം.പ്രിൻസിപ്പൽ ഇന്നലെ അവധിയായിരുന്നതിനാൽ പ്രിൻസിപ്പലിന്റെ ചുമതലയുണ്ടായിരുന്ന അദ്ധ്യാപകൻ സുബ്രഹ്മണ്യവും മറ്റ് അദ്ധ്യാപകരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞതായാണ് വിവരം. പലരും മദ്യപിച്ചിരുന്നതായും സംശയമുണ്ട്. ഇവർ അദ്ധ്യാപകരോട് മോശമായ ഭാഷയിൽ തട്ടിക്കയറുകയായിരുന്നു. കോളേജിനു മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ കോളേജിൽ ക്ലാസുകൾ ഉണ്ടായിരുന്നില്ല. ഡിഗ്രി ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികളെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചു മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഇതൊന്നും പാലിക്കപ്പെട്ടില്ലെന്നാണു സൂചന. സ്റ്റാറ്റിസ്‌റ്റിക്‌സ് വകുപ്പ് മേധാവിയായ സോമശഖരൻപിള്ളയാണ് കോളേജിലെ അച്ചടക്കസമിതിയുടെ തലവൻ. ഏതാനും ദിവസം മുൻപ് കോളേജ് ഗേറ്റ് അടച്ചിട്ട് എസ്.എഫ്‌.ഐയുടെ നേതൃത്വത്തിൽ പ്രകടനം നടത്തിയിരുന്നു. ബിരുദ സെമസ്റ്റർ പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർത്ഥികളെ പുറത്തുപോകാൻ അനുവദിക്കാതെയായിരുന്നു പ്രതിഷേധം. ഇതേക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്കസമിതിയിൽ നിന്നു പ്രിൻസിപ്പൽ റിപ്പോർട്ട് ചോദിച്ചിരുന്നു. എസ്.എഫ്.ഐക്ക് എതിരായ റിപ്പോർട്ടാണ് അച്ചടക്കസമിതി നൽകിയത്. ഇതിൽ കലിപൂണ്ടാണ് ഒരു സംഘം ഇന്നലെ കോളേജിൽ അതിക്രമം കാട്ടിയതെന്നാണ് വിവരം.