അഡ്‌ലെയ്ഡ് : അഡ്‌ലെയ്ഡിലെ പകൽ രാത്രി ടെസ്റ്റിൽ പാകിസ്ഥാനെ ഇന്നിംഗ്സിനും 48 റൺസിനും കശക്കിയെറിഞ്ഞ് ആസ്ട്രേലിയ രണ്ട് മത്സരങ്ങളുടെ പരമ്പര 2-0 ത്തിന് സ്വന്തമാക്കി.
അഡ്‌ലെയ്ഡിൽ ആദ്യ ഇന്നിംഗ്സിൽ 589/3 എന്ന സ്കോറിൽ ഡിക്ളയർ ചെയ്തിരുന്ന ഒാസീസ് പാകിസ്ഥാനെ ആദ്യ ഇന്നിംഗ്സിൽ 302 റൺസിനും ഫോളോ ഒാണിനിറക്കി രണ്ടാം ഇന്നിംഗ്സിൽ 239 റൺസിനും ആൾ ഒൗട്ടാക്കിയാണ് നാലാം ദിനം വിജയം ആഘോഷിച്ചത്.
ഒാപ്പണർ ഡേവിഡ് വാർണറുടെ ട്രിപ്പിൾ സെഞ്ച്വറിയും (335 നോട്ടൗട്ട്) മാർനസ് ലബുഷാഗ്‌നെയുടെ സെഞ്ച്വറിയുമാണ് (162) ഒാസീസിന് മികച്ച സ്കോർ നൽകിയത്. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ ഒരുഘട്ടത്തിൽ 89/6 എന്ന നിലയിലായിരുന്നുവെങ്കിലും യാസിർ ഷാ (113), ബാബർ അസം (97) എന്നിവരുടെ പോരാട്ടം ആദ്യ ഇന്നിംഗ്സിൽ 302 വരെയെത്തിച്ചു. എന്നാൽ ഫോളോ ഒാണിനിറങ്ങിയപ്പോൾ ആദ്യത്തേതിലും വലിയ ദുരന്തമാണ് പാകിസ്ഥാനെ കാത്തിരുന്നത്. ഷാൻ മസൂദ് (68), റിസ്‌വാൻ (45), ആസാദ് ഷഫീഖ് (57) എന്നിവർ മാത്രം പൊരുതിയപ്പോൾ സന്ദർശകർ 239 റൺസിന് ആൾ ഒൗട്ടായി. സ്പിന്നർ നഥാൻ ലയൺ അഞ്ചുവിക്കറ്റും ഹേസൽ വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. രണ്ട് മത്സരങ്ങളിലും സെഞ്ച്വറി നേടിയ ഡേവിഡ് വാർണറാണ് മാൻ ഒഫ് ദ മാച്ചും മാൻ ഒഫ് ദ സിരീസും.