1-0
മാഡ്രിഡ് : സ്പാനിഷ് ലാലിഗ ഫുട്ബാളിലെ നിർണായക മത്സരത്തിൽ കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി ബാഴ്സലോണ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി.
അത്ലറ്റിക്കോ മാഡ്രിഡിന്റെ തട്ടകത്തിൽ വിജയിച്ചാലേ റയൽ മാഡ്രിഡിൽ നിന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനാകൂ എന്ന സമ്മർദ്ദവുമായി എതിരാളികളുടെ തട്ടകത്തിൽ ഇറങ്ങിയ ബാഴ്സലോണയ്ക്ക് 86-ാം മിനിട്ടുവരെ സ്കോർ ചെയ്യാനായില്ല. എന്നാൽ, ആതിഥേയരുടെ സമനില പ്രതീക്ഷകൾ കവർന്നെടുത്ത മെസി അവസാന സമയത്ത് മാന്ത്രികനെപ്പോലെ ഗോളുതീർത്ത് ബാഴ്സയ്ക്ക് കൊതിച്ച വിജയം നൽകി. ഇതോടെ കഴിഞ്ഞ രാത്രി ഡിപോർട്ടീവോ അലാവേസിനെ 2-1ന് കീഴടക്കി പട്ടികയിൽ ഒന്നാമതെത്തിയിരുന്ന റയൽ മാഡ്രിഡിന് ഗോൾ ശരാശരിയിൽ വീണ്ടും രണ്ടാമതാകേണ്ടിവന്നു.
ആദ്യ പകുതിയിൽ ബാഴ്സലോണ ഗോളി ടെർസ്റ്റെഗന്റെ അത്യുജ്ജ്വലമായ രണ്ട് സേവുകളാണ് അത്ലറ്റിക്കോയുടെ വഴിയടച്ചത്. മരിയോ ഹെർമോസയുടെയും അൽവാരോ മൊറാട്ടോയുടെയും ഗോളെന്നുറപ്പിച്ച ഷോട്ടുകളാണ് ടെർസ്റ്റെഗൻ തട്ടിയകറ്റിയത്.
86-ാം മിനിട്ടിൽ അത്ലറ്റിക്കോ ബോക്സനരികിൽ നിന്ന മെസിയെ ലാക്കാക്കി സുവാരേസ് നൽകിയ പാസാണ് അതിവേഗ നീക്കത്തിലൂടെ അത്ലറ്റിക്കോ വലയിലേക്ക് കയറിയത്.
ലാലിഗയിലെ അടുത്ത മത്സരത്തിൽ ബാഴ്സലോണ റയൽ മയ്യോർക്കയെയും അത്ലറ്റിക്കോ വിയ്യാറയലിനെയും നേരിടും.
14 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായാണ് ബാഴ്സലോണ ഒന്നാമതേക്ക് തിരിച്ചെത്തിയത്. റയലിനും 31 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ പിന്നിലാണ്. ഇന്നലത്തെ തോൽവിയോടെ അത്ലറ്റിക്കോ മാഡ്രിഡ് 15 കളികളിൽ നിന്ന് 25 പോയിന്റുമായി ആറാമതേക്ക് താഴ്ന്നു.
പോയിന്റ് നില
(ടീം, കളി, പോയിന്റ് ക്രമത്തിൽ)
ബാഴ്സലോണ 14-31
റയൽ മാഡ്രിഡ് 14-31
സെവിയ്യ 15-30
സോസിഡാസ് 15-26
അത്ലറ്റിക് ക്ളബ് 15-26
അത്ലറ്റിക്കോ 15-25
19
ബാഴ്സലോണയ്ക്കെതിരായ കഴിഞ്ഞ പത്തൊൻപത് ലാലിഗ മത്സരങ്ങളിലും വിജയം നേടാൻ അത്ലറ്റിക്കോ മാഡ്രിഡിന് കഴിഞ്ഞിട്ടില്ല. എട്ടുവർഷം മുമ്പാണ് ലാലിഗയിൽ അത്ലറ്റിക്കോ ബാഴ്സയെ കീഴടക്കിയത്.
ഇംഗ്ളീഷ് പ്രിമിയർലീഗ്
മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആസ്റ്റൺ വില്ല 2-2ന് സമനിലയിൽ തളച്ചു.
11-ാം മിനിട്ടിൽ ഗ്രെയിലിഷിലൂടെ മുന്നിലെത്തിയ ആസ്റ്റൺവില്ല 42-ാം മിനിട്ടിൽ ഹീറ്റണിന്റെ സെൽഫ് ഗോളിലൂടെ യുണൈറ്റഡിന് സമനിലയും സമ്മാനിച്ചു. 64-ാം മിനിട്ടിൽ ലിൻഡ് ലോഫിലൂടെ യുണൈറ്റഡ് മുന്നിലെത്തിയെങ്കിലും 66-ാം മിനിട്ടിലെ മിംഗ്സിന്റെ ഗോൾ കളി സമനിലയിലാക്കി.
ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയിന്റ് പട്ടികയിൽ 14 മത്സരങ്ങളിൽ നിന്ന് 18 പോയിന്റുമായി ഒൻപതാം സ്ഥാനത്തേക്ക് താഴ്ന്നു. 40 പോയിന്റുള്ള ലിവർപൂളാണ് ഒന്നാം സ്ഥാനത്ത്.
കഴിഞ്ഞ രാത്രി നടന്ന മറ്റൊരു മത്സരത്തിൽ എവർട്ടനെ 2-1ന് കീഴടക്കി ലെസ്റ്റർ സിറ്റി 32 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്കെത്തി. ആഴ്സനൽ 2-2ന് നോർവിച്ച് സിറ്റിയുമായി സമനിലയിൽ പിരിഞ്ഞു. 19 പോയിന്റുമായി എട്ടാം സ്ഥാനത്താണ് ആഴ്സനൽ.