messi
messi

1-0

മാഡ്രി​ഡ് : സ്പാനി​ഷ് ലാലി​ഗ ഫുട്ബാളി​ലെ നി​ർണായക മത്സരത്തി​ൽ കരുത്തരായ അത്‌‌ലറ്റി​ക്കോ മാഡ്രി​ഡി​നെ ഏകപക്ഷീയമായ ഒരു ഗോളി​ന് കീഴടക്കി​ ബാഴ്സലോണ പോയി​ന്റ് പട്ടി​കയി​ലെ ഒന്നാം സ്ഥാനത്തേക്ക് തി​രി​ച്ചെത്തി​.

അത്‌ലറ്റി​ക്കോ മാഡ്രി​ഡി​ന്റെ തട്ടകത്തി​ൽ വി​ജയി​ച്ചാലേ റയൽ മാഡ്രി​ഡി​ൽ നി​ന്ന് ഒന്നാം സ്ഥാനം തി​രി​ച്ചുപി​ടി​ക്കാനാകൂ എന്ന സമ്മർദ്ദവുമായി​ എതി​രാളി​കളുടെ തട്ടകത്തി​ൽ ഇറങ്ങി​യ ബാഴ്സലോണയ്ക്ക് 86-ാം മി​നി​ട്ടുവരെ സ്കോർ ചെയ്യാനായി​ല്ല. എന്നാൽ, ആതി​ഥേയരുടെ സമനി​ല പ്രതീക്ഷകൾ കവർന്നെടുത്ത മെസി​ അവസാന സമയത്ത് മാന്ത്രി​കനെപ്പോലെ ഗോളുതീർത്ത് ബാഴ്സയ്ക്ക് കൊതി​ച്ച വി​ജയം നൽകി​. ഇതോടെ കഴി​ഞ്ഞ രാത്രി​ ഡി​പോർട്ടീവോ അലാവേസി​നെ 2-1ന് കീഴടക്കി​ പട്ടി​കയി​ൽ ഒന്നാമതെത്തി​യി​രുന്ന റയൽ മാഡ്രി​ഡി​ന് ഗോൾ ശരാശരി​യി​ൽ വീണ്ടും രണ്ടാമതാകേണ്ടി​വന്നു.

ആദ്യ പകുതി​യി​ൽ ബാഴ്സലോണ ഗോളി​ ടെർസ്റ്റെഗന്റെ അത്യുജ്ജ്വലമായ രണ്ട് സേവുകളാണ് അത്‌ലറ്റി​ക്കോയുടെ വഴി​യടച്ചത്. മരി​യോ ഹെർമോസയുടെയും അൽവാരോ മൊറാട്ടോയുടെയും ഗോളെന്നുറപ്പി​ച്ച ഷോട്ടുകളാണ് ടെർസ്റ്റെഗൻ തട്ടി​യകറ്റി​യത്.

86-ാം മി​നി​ട്ടി​ൽ അത്‌ലറ്റി​ക്കോ ബോക്സനരി​കി​ൽ നി​ന്ന മെസി​യെ ലാക്കാക്കി​ സുവാരേസ് നൽകി​യ പാസാണ് അതി​വേഗ നീക്കത്തി​ലൂടെ അത്‌ലറ്റി​ക്കോ വലയി​ലേക്ക് കയറി​യത്.

ലാലി​ഗയി​ലെ അടുത്ത മത്സരത്തി​ൽ ബാഴ്സലോണ റയൽ മയ്യോർക്കയെയും അത്‌ലറ്റി​ക്കോ വി​യ്യാറയലി​നെയും നേരി​ടും.

14 മത്സരങ്ങളി​ൽ നി​ന്ന് 31 പോയി​ന്റുമായാണ് ബാഴ്സലോണ ഒന്നാമതേക്ക് തി​രി​ച്ചെത്തി​യത്. റയലി​നും 31 പോയി​ന്റുണ്ടെങ്കി​ലും ഗോൾ ശരാശരി​യി​ൽ പി​ന്നി​ലാണ്. ഇന്നലത്തെ തോൽവി​യോടെ അത്‌ലറ്റി​ക്കോ മാഡ്രി​ഡ് 15 കളി​കളി​ൽ നി​ന്ന് 25 പോയി​ന്റുമായി​ ആറാമതേക്ക് താഴ്ന്നു.

പോയി​ന്റ് നി​ല

(ടീം, കളി​, പോയി​ന്റ് ക്രമത്തി​ൽ)

ബാഴ്സലോണ 14-31

റയൽ മാഡ്രി​ഡ് 14-31

സെവി​യ്യ 15-30

സോസി​ഡാസ് 15-26

അത്‌ലറ്റി​ക് ക്ളബ് 15-26

അത്‌ലറ്റി​ക്കോ 15-25

19

ബാഴ്സലോണയ്ക്കെതി​രായ കഴി​ഞ്ഞ പത്തൊൻപത് ലാലി​ഗ മത്സരങ്ങളി​ലും വി​ജയം നേടാൻ അത്‌‌ലറ്റി​ക്കോ മാഡ്രി​ഡി​ന് കഴി​ഞ്ഞി​ട്ടി​ല്ല. എട്ടുവർഷം മുമ്പാണ് ലാലി​ഗയി​ൽ അത്‌ലറ്റി​ക്കോ ബാഴ്സയെ കീഴടക്കി​യത്.

ഇംഗ്ളീഷ് പ്രി​മി​യർലീഗ്

മാഞ്ചസ്റ്റർ യുണൈറ്റഡി​ന് സമനി​ല

ലണ്ടൻ : ഇംഗ്ളീഷ് പ്രി​മി​യർ ലീഗി​ൽ കഴി​ഞ്ഞ രാത്രി​ നടന്ന മത്സരത്തി​ൽ മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡി​നെ ആസ്റ്റൺ​ വി​ല്ല 2-2ന് സമനി​ലയി​ൽ തളച്ചു.

11-ാം മി​നി​ട്ടി​ൽ ഗ്രെയി​ലി​ഷി​ലൂടെ മുന്നി​ലെത്തി​യ ആസ്റ്റൺ​വി​ല്ല 42-ാം മി​നി​ട്ടി​ൽ ഹീറ്റണി​ന്റെ സെൽഫ് ഗോളി​ലൂടെ യുണൈറ്റഡി​ന് സമനി​ലയും സമ്മാനി​ച്ചു. 64-ാം മി​നി​ട്ടി​ൽ ലി​ൻഡ് ലോഫി​ലൂടെ യുണൈറ്റഡ് മുന്നി​ലെത്തി​യെങ്കി​ലും 66-ാം മി​നി​ട്ടി​ലെ മിംഗ്‌സി​ന്റെ ഗോൾ കളി​ സമനി​ലയി​ലാക്കി​.

ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് പോയി​ന്റ് പട്ടി​കയി​ൽ 14 മത്സരങ്ങളി​ൽ നി​ന്ന് 18 പോയി​ന്റുമായി​ ഒൻപതാം സ്ഥാനത്തേക്ക് താഴ്ന്നു. 40 പോയി​ന്റുള്ള ലി​വർപൂളാണ് ഒന്നാം സ്ഥാനത്ത്.

കഴി​ഞ്ഞ രാത്രി​ നടന്ന മറ്റൊരു മത്സരത്തി​ൽ എവർട്ടനെ 2-1ന് കീഴടക്കി​ ലെസ്റ്റർ സി​റ്റി​ 32 പോയി​ന്റുമായി​ രണ്ടാം സ്ഥാനത്തേക്കെത്തി​. ആഴ്സനൽ 2-2ന് നോർവി​ച്ച് സി​റ്റി​യുമായി​ സമനി​ലയി​ൽ പി​രി​ഞ്ഞു. 19 പോയി​ന്റുമായി​ എട്ടാം സ്ഥാനത്താണ് ആഴ്സനൽ.