കഴക്കൂട്ടം: മദ്യപിച്ച് ബസോടിച്ച് വാഹനങ്ങൾ ഇടിച്ച് തകർത്ത കല്ലടബസിലെ ഡ്രൈവർ പിടിയിൽ. പാലക്കാട് സ്വദേശിയായ ഡ്രൈവർ കൃഷ്ണൻകുട്ടി (48) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ കല്ലട ബസാണ് അപകടത്തിനിടയാക്കിയത്. ഇന്നലെ രാത്രി ഏഴോടെ ടെക്‌നോപാർക്കിന്റെ പ്രധാന കവാടത്തിന് സമീപത്തു വച്ച് രോഗിയുമായി സ്വകാര്യ ആശുപത്രിയിലേക്ക് പോയ കാറിലാണ് ബസ് ആദ്യം ഇടിച്ചത്. തുടർന്ന് പാസ്‌പോർട്ട് ഓഫീസിൽ പോയി മടങ്ങിയ ഓയൂർ സ്വദേശി നജീബിന്റെ കാറിന്റെ പിൻഭാഗം ഇടിച്ചു തകർക്കുകയായിരുന്നു. കാറിൽ നജീബിന്റെ ഭാര്യയും ഒന്നും രണ്ടും വയസുള്ള കുട്ടികളുമുണ്ടായിരുന്നു. ആർക്കും പരിക്കില്ല. അപകടമറിഞ്ഞ് പൊലീസെത്തി ഡ്രൈവറെയും ബസിനെയും കസ്റ്റഡിയിലെടുത്തു. മെഡിക്കൽ പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. പൊലീസ് കേസെടുത്തു.