തിരുവനന്തപുരം: സാംസ്കാരിക കേരളത്തിന്റെ എല്ലാ അഹങ്കാരങ്ങളെയും ലജ്ജിപ്പിച്ച്, കൊടിയ ദാരിദ്ര്യത്തിന്റെ നിസഹായതയിൽ മണ്ണുതിന്ന് വിശപ്പകറ്റാൻ വിധിക്കപ്പെട്ട നാല് പിഞ്ചു കുഞ്ഞുങ്ങളെ ഏറ്റെടുക്കണമെന്ന അപേക്ഷയുമായി ശിശുക്ഷേമ സമിതിയുടെ കാരുണ്യം തേടി ഒരു പെറ്റമ്മ. തലസ്ഥാന നഗരഹൃദയത്തിൽ, കൈതമുക്കിലെ പുറമ്പോക്കിൽ കഴിയുന്ന കുടുംബത്തിന്റെ ദുരവസ്ഥ പുറംലോകമറിഞ്ഞത് കണ്ണീരുമായി ഈ അമ്മ ശിശുക്ഷേമ സമിതിയുടെ ഓഫീസിലെത്തിയതോടെ.ആറു മക്കളിൽ മൂത്തയാൾക്ക് ഏഴു വയസ്. ഇളയ കുട്ടിക്ക് മൂന്നു മാസം. മദ്യപനായ ഭർത്താവ്. കൂലിപ്പണിക്കാരനാണെങ്കിലും ഭക്ഷണത്തിനുള്ള വക പോലും ഭർത്താവ് നൽകില്ല. ചോദ്യം ചെയ്താൽ മർദ്ദനം. വിശപ്പടക്കാൻ വഴിയില്ലാഞ്ഞ് മൂത്ത കുട്ടി മണ്ണു വാരിത്തിന്നുന്നതു പോലും ഈ അമ്മയ്‌ക്ക് കണ്ണീരോടെ കണ്ടുനിൽക്കേണ്ടി വന്നു.ശിശുക്ഷേമ സമിതി നിർദ്ദേശമനുസരിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർ കൈതമുക്കിലെ റെയിൽവേ പുറമ്പോക്കിൽ പ്ളാസ്റ്റിക് തുണിയിട്ടു മറച്ച ചായ്പിലെത്തി പരിശോധിച്ചു. ആ അമ്മ പറഞ്ഞതെല്ലാം സത്യം! മുലപ്പാൽ കുടിക്കുന്ന ഇളയ രണ്ടു കുഞ്ഞുങ്ങൾ ഒഴികെ നാല് കുട്ടികളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് നടപടികൾക്ക് നേതൃത്വം നൽകി. സംഭവമറിഞ്ഞ് മേയർ കെ. ശ്രീകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ കുട്ടികളുടെ വീട് സന്ദർശിച്ചു. ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെ വളർന്നാൽ മതിയെന്നും കുട്ടികളുടെ അമ്മ അധികൃതരെ അറിയിച്ചു.

അമ്മയ്ക്ക് താത്കാലിക

ജോലിയും വീടും: മേയർ

വീട്ടമ്മയ്ക്ക് തിരുവനന്തപുരം നഗരസഭ നാളെത്തന്നെ താത്കാലിക ജോലി നൽകുമെന്ന് മേയർ കെ. ശ്രീകുമാർ അറിയിച്ചു. നഗരസഭയുടെ പണി പൂർത്തിയായിക്കിടക്കുന്ന ഫ്ളാറ്റുകളിലൊന്ന് ഈ കുടുംബത്തിനു നൽകും. ശിശുക്ഷേമ സമിതി ഏറ്റെടുത്ത വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ചെലവുകൾ ഏറ്റെടുക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികൾ അതീവ ദുഃഖകരമാണ്. തലസ്ഥാന നഗരത്തിൽ ഇത്തരമൊന്ന് സംഭവിക്കാൻ പാടില്ലാത്തതാണെന്നും സന്ദർശനത്തിനു ശേഷം മേയർ മാദ്ധ്യമങ്ങളോടു പറഞ്ഞു.

അടിയന്തര നടപടി:

ശിശുക്ഷേമസമിതി

കൈതമുക്ക് സംഭവത്തിൽ ഉചിത നടപടി സ്വീകരിക്കാൻ മന്ത്രി കെ.കെ. ശൈലജ നിർദ്ദേശം നൽകിയതായി ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് അറിയിച്ചു. മദ്യലഹരിയിൽ അച്ഛൻ കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ബോദ്ധ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കുട്ടികൾ തുറന്നു പറഞ്ഞു. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്തിന്

നാണക്കേട്

നിതി ആയോഗ് പുറത്തുവിട്ട ആരോഗ്യ സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത്! ഈ നേട്ടം കൈവരിച്ച സംസ്ഥാനത്തിന്റെ തലസ്ഥാന നഗരത്തിലാണ് വിശപ്പടക്കാൻ മാർഗമില്ലാതെ കുട്ടികൾ മണ്ണു തിന്നുന്ന സാഹചര്യമുണ്ടായത്. കുടുംബാസൂത്രണ രംഗത്ത് രാജ്യത്തിനു മാതൃകയായ സംസ്ഥാനത്താണ് ഓരോ വർഷത്തെ ഇടവേളയിൽ ആറു കുഞ്ഞുങ്ങൾക്ക് ഒരമ്മ ജന്മം നൽകിയത്. ലൈഫ് പദ്ധതിയിൽ ലക്ഷങ്ങൾക്ക് വീടൊരുക്കിയെന്ന് അവകാശപ്പെടുമ്പോഴാണ് ആമയിഴഞ്ചാൻ തോടിനോടു ചേർന്ന് വൃത്തിഹീനമായ സാഹചര്യത്തിൽ ഒരമ്മയും ആറ് കുഞ്ഞുങ്ങളും നരകയാതന അനുഭവിച്ചു കഴിഞ്ഞത്.