പൊഖാറ : സൗത്ത് ഏഷ്യൻ ഗെയിംസിലെ വനിതകളുടെ ക്രിക്കറ്റ് മത്സരത്തിൽ അപൂർവ റെക്കാഡിന് ഉടമയായി നേപ്പാൾ താരം അഞ്ജലി ചന്ദ്ര.
മാൽദീവ്സിനെതിരായ മത്സരത്തിൽ റൺസൊന്നും കൊടുക്കാതെ ആറ് വിക്കറ്റുകളാണ് അഞ്ജലി സ്വന്തമാക്കിയത്. ഒരു അന്താരാഷ്ട്ര മത്സരത്തിൽ റൺസ് വഴങ്ങാതെ ഏറ്റവും കൂടുതൽ വിക്കറ്റുകൾ സ്വന്തമാക്കുന്ന ബൗളറെന്ന റെക്കാഡാണ് അഞ്ജലി നേടിയത്. മത്സരത്തിൽ 10.1 ഓവറിൽ മാൽദീവ്സ് 16 റൺസിന് ആൾ ഔട്ടായി. അഞ്ച് പന്തുകൾ കൊണ്ട് മാൽദീവ്സിനെ മറികടന്ന് 10 വിക്കറ്റിന് നേപ്പാൾ ജയിക്കുകയും ചെയ്തു.
അന്ന് വിരാട് ലാവിഷായി
ചിക്കൻ ബർഗർ കഴിച്ചു
കൊൽക്കത്ത : 2016ൽ മുംബയ് ടെസ്റ്റിൽ ഇംഗ്ളണ്ടിനെതിരായ ഇരട്ട സെഞ്ച്വറിനേട്ടം താൻ ചിക്കൻ ബർഗറും ചോക്കളേറ്റ് ഷേക്കും ഒക്കെയായി ആഘോഷിച്ചെന്ന് വിരാട് കൊഹ്ലി. ഫിറ്റ്നസ് നിലനിറുത്താനായി കൂടുതൽ ഭക്ഷണ ക്രമീകരണം നിലനിറുത്തിയിരിക്കുന്ന ഇന്ത്യൻ നായകൻ ബാറ്റിംഗിനിടെ അല്പം ഭകഷണം മാത്രമാണ് കഴിച്ചത്. ഇരട്ട സെഞ്ച്വറി നേടിയതോടെ ഇഷ്ട ഭക്ഷണം ആവോളം കഴിക്കാൻ ട്രെയിനറായ ശങ്കർബസു അനുമതി നൽകിയെന്നും അതിനാൽ ആഘോഷമാക്കുകയായിരുന്നുവെന്നും കൊഹ്ലി പറഞ്ഞു. 235 റൺസാണ് കൊഹ്ലി ഇംഗ്ളണ്ടിനെതിരെ നേടിയത്.
കർണാടകയ്ക്ക് കിരീടം
ഫൈനലിൽ തമിഴ്നാടിനെ ഒരു റൺസിന് തോൽപ്പിച്ചു
സൂറത്ത് : ആവേശം കൊടുമ്പിരിക്കൊണ്ട കലാശക്കളിയിൽ തമിഴ്നാടിനെ ഒരു റൺസിന് കീഴടക്കി കർണാകടം സെയ്ദ് മുഷ്താഖ് അലി ട്രോഫിയിൽ മുത്തമിട്ടു. സൂറത്തിൽ നടന്ന ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത കർണാടകം 20 ഓവറിൽ 180/5 എന്ന സ്കോർ ഉയർത്തിയപ്പോൾ തമിഴ്നാട് 179/6 ലൊതുങ്ങുകയായിരുന്നു.
നായകൻ മനീഷ് പാണ്ഡെ (60 നോട്ടൗട്ട്), കദം (35), മയാളി താരം ദേവ്ദത്ത് പടിക്കൽ (32), കെ.എൽ. രാഹുൽ (22) എന്നിവരുടെ മികവിലാണ് കർണാടകം 180ലെത്തിയത്. തമിഴ്നാടിന് വേണ്ടി വിജയ്ശങ്കർ (44), ബാബാ അപരാജിത് (40) എന്നിവർ പൊരുതിയെങ്കിലും ഫലം കണ്ടില്ല.