തിരുവനന്തപുരം: ഇലക്ട്രിക്കൽ മേഖലയിലെ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി ദേശീയ നഗര ഉപജീവന മിഷന്റെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ നഗരസഭയുടെ സഹകരണത്തോടെ ആരംഭിക്കുന്ന വനിതകളുടെ ഇലക്ട്രിക്കൽ പരിശീലന കേന്ദ്രം ഇന്ന് രാവിലെ 10ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. കുളത്തൂർ - കഴക്കൂട്ടം റോഡിൽ ദേശീയപാതയ്ക്ക് സമീപമാണ് വനിതകൾക്കായുള്ള സംസ്ഥാനത്തെ ആദ്യ പരിശീലന കേന്ദ്രം പ്രവർത്തനം തുടങ്ങുന്നത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് അദ്ധ്യക്ഷനാകും. കുടുബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നിർവഹിക്കും. സെന്റർ ഹെഡ് എസ്.എൽ. ദീപ്തി, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ.ആർ. ഷൈജു, പി. രാജേഷ് കുമാർ, എസ്.കെ. ശ്രീജിത്ത്, സ്‌മിതാ പ്രഭാകരൻ, രേവതി വിജയൻ തുടങ്ങിയവർ സംസാരിക്കും.