തിരുവനന്തപുരം : രോഗികൾക്ക് ബുദ്ധിമുട്ടോ ആശങ്കയോ ഉണ്ടാകാതെ ശ്രീചിത്രയിൽ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് സാമൂഹിക സാമ്പത്തിക വിലയിരുത്തൽ തുടങ്ങിയതായി അധികൃതർ അറിയിച്ചു. റേഷൻ കാർഡ് അടക്കമുള്ള രേഖകൾ കൊണ്ടുവന്നതിനാൽ ചികിത്സാ സൗജന്യത്തിന് അർഹമായ എ, ബി വിഭാഗങ്ങളിലേക്ക് കൃത്യമായി തരംതിരിച്ചു മാറ്റി. ആശങ്ക പ്രകടിപ്പിച്ച രോഗികളുമായി സോഷ്യൽ വർക്കർമാർ സംസാരിച്ചു. 18 വയസുവരെയുള്ള കുട്ടികൾക്ക് ആർ.ബി.എസ്.കെ, താലോലം പദ്ധതികളിലെ സൗജന്യ ചികിത്സ പഴയതുപോലെ തന്നെ തുടരും. ഇതിന് പുതിയ മാനദണ്ഡ പ്രകാരമുള്ള രേഖകൾ ആവശ്യമില്ല.
പുതിയ നടപടികൾ തുടങ്ങിയ ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ ഇന്നലെ ഒ.പിയിൽ പുതുതായി 78 രോഗികൾ ചികിത്സ തേടിയെത്തി. തുടർ ചികിത്സയ്ക്കായി 447 പേരുമെത്തി. ആയുഷ്‌മാൻ ഭാരത് കെ.എ.എസ്.പി പദ്ധതി പൂർണമായി നടപ്പാക്കുന്നത് വരെ ബി.പി.എൽ വിഭാഗത്തിന് ചികിത്സാ സൗജന്യം ഉറപ്പാക്കുന്നതിനായാണ് വിലയിരുത്തൽ ശ്രീചിത്രയിൽ ആരംഭിച്ചത്. നേത്തെ പിന്തുടർന്ന രീതി അനുസരിച്ച അനർഹർ ആനുകൂല്യം കൈപ്പറ്റുന്നതായുള്ള സി.എജി റിപ്പോർട്ടിനെ തുടർന്നാണ് പുതിയ നടപടി ആരംഭിച്ചത്.