mla

വെള്ളനാട്: വെള്ളനാട് മിനി സിവിൽ സ്റ്റേഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കി ജങ്ങൾക്കായി തുറക്കുമെന്ന് കെ.എസ്. ശബരീനാഥൻ എം.എൽ.എ അറിയിച്ചു. സിവിൽ സ്റ്റേഷന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം.എൽ.എ.

വെള്ളനാട് വില്ലേജ് ഓഫീസിനു സമീപത്തെ 27 സെന്റ് വസ്തുവിലാണ് സിവിൽ സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്. രണ്ടു നിലകളിലായുള്ള സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് 3.10 കോടി രൂപ അനുവദിച്ചുവെങ്കിലും 2.35 കോടി രൂപ ചെലവഴിച്ചു നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞു.

താഴത്തെ നിലയിൽ പ്രവർത്തിക്കാനുള്ള സബ് ട്രഷറിയുടെ സ്ട്രോങ്ങ്‌ റൂം, കാബിനുകൾ എന്നിവയും സംരക്ഷണ ഭിത്തിയുടെ നിർമ്മാണവും കൂടിയേ ഇനി പൂർത്തീകരിക്കാനുള്ളൂ. അവയ്ക്കായി തുക അനുവദിച്ചിട്ടുണ്ടെന്നും എത്രയും വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.

വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ്‌ വെള്ളനാട് ശശി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വെള്ളനാട് ശ്രീകണ്ഠൻ, പി.ഡബ്ലിയു.ഡി അസിസ്റ്റന്റ് എഞ്ചിനീയർ അജിത്, ട്രഷറി വകുപ്പ് അധികൃതർ, ജനപ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. മുൻ സ്പീക്കർ ജി. കാർത്തികേയന്റെ ശ്രമഫലമായാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് തുക അനുവദിച്ചത്.