chandrayan

ന്യൂഡൽഹി: ചന്ദ്രപര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ ഉപഗ്രഹമായ ചന്ദ്രയാൻ 2 ന്റെ ഭാഗമായ വിക്രം ലാൻഡറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയെന്ന് നാസ സ്ഥിരീകരിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലുള്ള നാസയുടെ ഉപഗ്രഹമാണ് സെപ്തംബറിൽ ചന്ദ്രോപരിതലത്തിൽ വേർപെട്ടു പോയ ഇന്ത്യയുടെ വിക്രം ലാൻഡർ കണ്ടെത്തിയത്. നാസ ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം ഉൾപ്പെടെയാണ് നാസ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൂണാർ ഓർബിറ്റർ കാമറയാണ് ചിത്രങ്ങൾ പകർത്തിയത്. രണ്ട് ഡസനോളം വരുന്ന പ്രദേശങ്ങളിലായാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 23 കഷണങ്ങളായി ചിന്നിചിതറിയ നിലയിലാണ് വിക്രംലാൻഡർ കണ്ടെത്തിയത്.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിന്ന് 600 കിലോമീറ്റർ അകലെയായിരുന്നു അവശിഷ്ടങ്ങൾ. വിക്രം ലാൻഡർ ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ഭാഗം കൃത്യമായി അടയാളപ്പെടുത്തിയ ചിത്രമാണ് നാസ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഐ.എസ്.ആർ.ഒ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബർ മാസത്തിൽ ലൂണാറെടുത്ത ചിത്രങ്ങളാണ് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും വ്യക്തമെന്നും നാസ പറയുന്നു.

ചെന്നൈ സ്വദേശിയായ ഷണ്മുഖ സുബ്രഹ്മണ്യനാണ് നാസയ്ക്ക് ചന്ദ്രനിൽ വിക്രം ലാൻഡറിന്റെ അവശിഷ്ടം ഉണ്ടായേക്കാം എന്ന സൂചന നൽകിയത്. കഴിഞ്ഞ സെപ്തംബർ ഏഴിനു പുലർച്ചെ നടന്ന സോഫ്റ്റ് ലാൻഡിന്റെ അവസാനഘട്ടത്തിലാണ് ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റർ ഉയരത്തിൽ വച്ച് വിക്രം ലാൻഡറുമായുള്ള ബന്ധം ചന്ദ്രയാൻ 2 ന്റെ പ്രധാനഭാഗമായ ഓർബിറ്ററിനു നഷ്ടമായത്. അതേസമയം, വിക്രം ലാൻഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം ഐ.എസ്.ആർ.ഒ നേരത്തെ ഉപേക്ഷിച്ചിരുന്നു. വിക്രം ലാൻഡറിന് ഐ.എസ്.ആർ.ഒ കണക്കാക്കിയ ആയുസ് കുറഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

കൊടുക്കാം കൈയടി ഷൺമുഖ സുബ്രമണ്യന്

ഇന്ത്യയിലെ കമ്പ്യൂട്ടർ രംഗത്തെ വിദഗ്ദ്ധനും മെക്കാനിക്കൽ എൻജിനിയറുമായ ഷൺമുഖ സുബ്രമണ്യന്റെ സംശയമാണ് നാസയെ വിക്രം ലാൻഡറിൽ എത്തിച്ചത്. ഉപഗ്രഹചിത്രങ്ങളെ വിശകലനം ചെയ്യുന്ന ഷൺമുഖം കണ്ടെത്തിയ അസ്വാഭാവികമായ വസ്തുക്കളെക്കുറിച്ചുള്ള സംശയം നാസയ്ക്ക് കൈമാറിയതാണ് കൂടുതൽ വ്യക്തമായ ചിത്രങ്ങളിലൂടെ വിക്രം ലാൻഡറാണെന്ന് സ്ഥിരീകരിക്കാനായതെന്ന് നാസ അധികൃതർ വ്യക്തമാക്കി. നാസയുടെ ലൂണാർ (എൽ.ആർ.ഒ) ടീമാണ് സാധ്യത മനസിലാക്കി ചിത്രങ്ങളെ വീണ്ടും അപഗ്രഥിച്ചത്. ചന്ദ്രോപരിതലത്തിൽ കണ്ടെത്തിയ പ്രത്യേക തരം തരികളും അവ കിടന്ന സ്ഥാനവും ഐ.എസ്.ആർ.ഒ നൽകിയ വിവരങ്ങളും വച്ചാണ് വിക്രംലാൻഡർ ഇടിച്ചിറങ്ങിയത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. ഇടിച്ചിറങ്ങിയ സ്ഥലത്തിന്റെ അളവുകളും ഉപഗ്രഹം മനസിലാക്കി.