quin

അമേരിക്കൻ ഐക്യനാടുകളുടെ ആറാമത്തെ പ്രസിഡന്റ് ആയിരുന്നു ജോൺ ക്വിൻസി ആഡംസ്. 1825 മുതൽ 1829 വരെ അധികാരത്തിലിരുന്ന ക്വിൻസി അത്ര പ്രസിദ്ധനല്ലെങ്കിലും ഒരു കാര്യത്തിൽ വ്യത്യസ്തനായിരുന്നു. ഒരു ചീങ്കണ്ണിയായിരുന്നു ക്വിൻസിയുടെ വളർത്തു മൃഗം. മാർക്വിസ് ഡി ലെഫയെറ്റ് എന്ന ഫ്രഞ്ച് ധനികനാണ് ക്വിൻസിയ്‌ക്ക് ചീങ്കണ്ണിയെ സമ്മാനമായി നൽകിയത്. അതിനെ ക്വിൻസി വൈറ്റ് ഹൗസിൽ തന്നെ താമസിപ്പിക്കുകയും ചെയ്‌തു.

വൈറ്റ് ഹൗസിലെ ഈസ്‌റ്റ് റൂമിലെ കുളിമുറിയിലെ ബാത്ത് ടബിലായിരുന്നു ക്വിൻസി ചീങ്കണ്ണിയെ പാർപ്പിച്ചിരുന്നത്. മാസങ്ങളോളം ചീങ്കണ്ണി വൈറ്റ്ഹൗസിൽ തന്നെയുണ്ടായിരുന്നു. പിന്നീട് ക്വിൻസി അതിനെ തിരികെ ഏൽപ്പിച്ചു. ബാത്ത് റൂമിനുള്ളിലെ ചീങ്കണ്ണിയെ കണ്ട് ഭയന്ന് അതിഥികൾ പരക്കം പായുന്നത് കാണാൻ ക്വിൻസിയ്‌ക്ക് ഏറെ ഇഷ്ടമായിരുന്നത്രെ. ക്വിൻസിയുടെ ഭാര്യ ലൂസിയ വളർത്തിയിരുന്നത് പട്ടുനൂൽ പുഴുക്കളെയായിരുന്നു.

ക്വിൻസി മാത്രമല്ല, അസാധാരണ വളർത്തുമൃഗങ്ങളെ വളർത്തിയ അമേരിക്കൻ പ്രസിഡന്റുമാർ വേറെയുമുണ്ടായിരുന്നു. ജെയിംസ് ബ്യുക്കാനൻ, തായ്‌ലൻഡ് രാജാവ് തനിക്ക് സമ്മാനിച്ച ആനയെ വൈറ്റ് ഹൗസിൽ വളർത്തിയിരുന്നു. വൈറ്റ് ഹൗസിനെ ഒരു കൊച്ചു മൃഗശാലയാക്കി മാറ്റിയ പ്രസിഡന്റാണ് തിയഡോർ റൂസ്‌വെൽറ്റ്. പാമ്പുകൾ, കരടി, സിംഹം, കഴുതപ്പുലി, സീബ്ര തുടങ്ങി പട്ടി, പൂച്ച, കുതിര, പക്ഷികൾ, എലികൾ, പന്നി എന്നിവയെയും റൂസ്‌വെൽറ്റ് വളർത്തിയിരുന്നു. റൂസ്‌വെൽറ്റ് കഴി‌ഞ്ഞാൽ അറിയപ്പെടുന്ന മറ്റൊരു മൃഗസ്‌നേഹി കാൽവിൻ കൂളിഡ്ജ് ആണ്. വിവിധ തരം നായകൾ, പക്ഷികൾ, റാക്കൂണുകൾ, വാലബി, കരടി, ഹിപ്പോ തുടങ്ങിയവയെ കൂളിഡ്ജ് വൈറ്റ് ഹൗസിൽ പാർപ്പിച്ചിരുന്നു.