കാലിഫോർണിയ: കുളി മാസത്തിൽ രണ്ടുതവണ മാത്രം. അതുതന്നെ പ്രശ്നമാണ്. കാലിഫോർണിയ സ്വദേശി ടെസ്സ ഹാൻസൻ സ്മിത്ത് എന്ന ഇരുപത്തൊന്നുകാരിയാണ് കുളിയെ പേടിക്കുന്നത്. വെള്ളം അലർജിയായതാണ് ഇതിനുകാരണം. അപൂർവത്തിൽ അപൂർവമായ ഈ അവസ്ഥ ലോകത്തിൽ ഇതുവരെ നൂറുപേർക്കുമാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അല്പം തീവ്രത കുറയ്ക്കാമെന്നല്ലാതെ പൂർണമായും മാറ്റാനും കഴിയില്ല. ഇപ്പോൾ ഒരു ദിവസം വിലകൂടിയ ഒമ്പതു ഗുളികകളാണ് ടെസ്സ കഴിക്കുന്നത്.
വെള്ളം തൊട്ടാൽ വിവരമറിയുമെന്നാണ് ടെസ്സ പറയുന്നത്. ചൊറിച്ചിലും പനിയുമാണ് ആദ്യലക്ഷണം. അല്പം കഴിയുന്നതോടെ മൈഗ്രനും ഉണ്ടാകും. സാധാരണ നില എത്തണമെങ്കിൽ ദിവസങ്ങൾ എടുക്കും. ഇൗ പ്രശ്നങ്ങൾ പേടിച്ചാണ് കുളി മാസത്തിൽ രണ്ടുതവണമാത്രമാക്കിയത്. ബാക്കിയുള്ള ദിവസം വെള്ളത്തിന്റെ അടുത്തുപോലും പോവില്ല.
വെള്ളം മാത്രമല്ല സ്വന്തം തുപ്പലും വിയർപ്പും മൂത്രവും ടെസ്സയ്ക്ക് അലർജിയാണ്. വെള്ളം കുടിക്കുന്നതും അപൂർവമായി മാത്രമാണ്. വെള്ളം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾപോലും ശരീരം മുഴുവൻ തളർന്ന അവസ്ഥയിൽ എത്തുമെന്നാണ് ടെസ്സ പറയുന്നത്. വെള്ളം കുടിക്കാത്തതുമൂലമുള്ള ശാരീരിക പ്രശ്നങ്ങൾ വേറെയും.
ടെസ്സയുടെ അമ്മ ഡോക്ടറാണ്. ടെസ്സയ്ക്ക് പത്തുവയസുള്ളപ്പോൾ അമ്മതന്നെയാണ് രോഗം കണ്ടെത്തിയത്. എട്ടാം വയസുമുതൽ ചില രോഗലക്ഷണങ്ങളുണ്ടായിരുന്നു. സോപ്പിന്റെയോ ഷാപൂവിന്റെയോ അലർജിയാകുമെന്നാണ് ആദ്യം കരുതിയത്. അതിനുവേണ്ടിയായിരുന്നു ആദ്യം ചികിത്സ തുടങ്ങിയതും. രോഗം മാറാതെവന്നപ്പോഴാണ് കൂടുതൽ പരിശോധന നടത്തിയതും രോഗം തിരിച്ചറിഞ്ഞതും. രോഗം തിരിച്ചറിഞ്ഞ ആദ്യനാളുകളിൽ ടെസ്സ മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു.അമ്മയുടെ ഉറച്ച പിന്തുണയാണ് തന്നെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവന്നതെന്നാണ് അവർ പറയുന്നത്.