ശബരിമല ക്ഷേത്രത്തിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനും അതിന് നിലവിലുള്ള ആചാരങ്ങളിൽ മാറ്റം വരുത്തുന്നതിനും വേണ്ടി ഇന്ത്യൻ യംഗ് ലായേഴ്സ് അസോസിയേഷൻ സുപ്രീംകോടതിയിൽ 2006-ൽ ആണ് കേസ് ഫയൽ ചെയ്തത്.
നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രത്തിൽ നിലനിന്നുവരുന്ന കീഴ്വഴക്കങ്ങൾ കോടതിയെ ബോധിപ്പിക്കുന്നതിനുവേണ്ടി പ്രസ്തുത കേസിൽ നായർ സർവീസ് സൊസൈറ്റി 2008-ൽ തന്നെ കക്ഷിചേരുകയുണ്ടായി. എൻ.എസ്.എസിന്റെ വാദമുഖങ്ങൾ കേൾക്കേണ്ടതുണ്ട് എന്ന് കോടതിക്ക് ബോദ്ധ്യം വന്നതിനാൽ വിശദമായ വാദം കേൾക്കുന്നതിലേക്ക് 2016-ൽ മൂന്നംഗ ബെഞ്ചിന് കേസ് വിടുകയാണുണ്ടായത്. പ്രസ്തുത കേസിൽ ഭരണഘടനാപരമായ തർക്കങ്ങൾ ഉണ്ടെന്ന് കോടതിക്ക് ബോദ്ധ്യം വന്നതിനാൽ 2017 ഒക്ടോബറിൽ അഞ്ചംഗ ഭരണഘടനാബെഞ്ചിന് വിടാൻ തീരുമാനമുണ്ടായി. തുടർന്നാണ്, ഭരണഘടനാബെഞ്ചിലെ ഏക വനിതാ അംഗത്തിന്റെ വിയോജനക്കുറിപ്പോടുകൂടി, ഏതു പ്രായത്തിലുമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്ന് 28.9.2018-ൽ വിധി ഉണ്ടായത്. ഈ വിധി വന്നപ്പോൾ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചതാണ് പ്രശ്നങ്ങൾക്ക് വഴിവച്ചത്.എൻ.എസ്.എസിന്റെ പ്രഖ്യാപിതനയം ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ്. അതിനുവേണ്ടി ജാതി - മത - രാഷ്ട്രീയഭേദമെന്യേ വിശ്വാസികളോടൊപ്പം ചേർന്ന്, 2018 ഒക്ടോബർ 2 മുതൽ നാമജപഘോഷയാത്ര ആദ്യഘട്ടമായി താലൂക്കുതലത്തിൽ നടത്തുകയുണ്ടായി.
തുടർന്ന്, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കോടതി വിധിയിന്മേൽ നായർ സർവീസ് സൊസൈറ്റിക്കുവേണ്ടി മുൻ അറ്റോർണി ജനറലും സീനിയർ അഭിഭാഷകനുമായ കെ. പരാശരൻ മുഖേന 8.10.2018-ൽ റിവ്യൂ ഹർജി ഫയൽ ചെയ്തു.
നായർ സർവീസ് സൊസൈറ്റിയുടെ പതാകാദിനമായ ഒക്ടോബർ 31-ന് സംസ്ഥാനത്തുടനീളമുള്ള കരയോഗമന്ദിരങ്ങളിൽ പതാക ഉയർത്തിയതിനുശേഷം, ശ്രീഅയ്യപ്പന്റെ ചിത്രത്തിനു മുമ്പിൽ നിലവിളക്കുകൊളുത്തി, ഒരുമണിക്കൂർ നേരം വിശ്വാസസംരക്ഷണ നാമജപം നടത്തിയതാണ് പ്രതിഷേധത്തിന്റെ രണ്ടാം ഘട്ടം.
മൂന്നാം ഘട്ടം എന്ന നിലയിൽ, ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജി പരിഗണിക്കുന്ന ദിവസമായ നവംബർ 13-ന് രാവിലെ, ശബരിമലയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ വഴിപാടുകളും ഭവനങ്ങളിൽ അയ്യപ്പനാമജപവും നടത്തി.
റിവ്യൂ ഹർജികൾ പരിഗണിച്ച ഭരണഘടനാബെഞ്ച്, 2019 ജനുവരി 22-ന് തുറന്ന കോടതിയിൽ വാദം കേൾക്കാനാണ് തീരുമാനിച്ചത്. എൻ.എസ്.എസിനുവേണ്ടി സീനിയർ അഭിഭാഷകൻ കെ. പരാശരൻ തന്നെയാണ് അന്നും കോടതിയിൽ ഹാജരായത്.
അഞ്ചംഗ ഭരണഘടനാബെഞ്ചിന്റെ ഭൂരിപക്ഷ തീരുമാനപ്രകാരം 14.11.2019ന് പ്രസ്തുത കേസ് വിപുലമായ 7 അംഗ ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള സുപ്രീംകോടതിയുടെ വിധി ഉണ്ടായി. ഈ വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ്. വിശ്വാസത്തിന്റെയും വിശ്വാസിസമൂഹത്തിന്റെയും വിജയമായിട്ടുവേണം ഈ വിധിയെ കാണുവാൻ.
കേസ് ഏഴംഗബെഞ്ചിന്റെ പരിഗണനയിൽ വരുമ്പോഴും, വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുവാൻ വേണ്ടിയുള്ള എൻ.എസ്.എസിന്റെ ഉറച്ച നിലപാട് കേസിന്റെ തുടർന്നുള്ള നടപടികളിലും ഉണ്ടാവും. അന്തിമഫലം വിശ്വാസികൾക്ക് അനുകൂലമാകുമെന്നുതന്നെയാണ് കരുതുന്നത്.
കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായ അനിഷ്ടസംഭവങ്ങൾക്ക് ഇടനല്കാതെ, വിശ്വാസികൾക്ക് അനുഗുണമായ രീതിയിൽ ശബരിമല തീർത്ഥാടനം സമാധാനപരമായി തുടരുന്നതിന് ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
( നായർ സർവീസ് സൊസൈറ്റിയുടെ മുഖപത്രമായ സർവിസിന്റെ - 2019 നവംബർ 15 ലക്കത്തിലെ മുഖപ്രസംഗത്തിൽ നിന്ന്)