sndp

ചിറയിൻകീഴ്: ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ നിന്നു ശിവഗിരിയിലേക്കുള്ള ശിവഗിരി തീർത്ഥാടന വിളംബര പദയാത്ര ഡിസം. 25ന് രാവിലെ 8ന് ശാർക്കരയിൽ നിന്ന് പുറപ്പെടും. ഗുരുവിന്റെ പഞ്ചശീലങ്ങൾക്ക് പ്രാമുഖ്യം നൽകി പീതാംബരധാരികളായ ആയിരം ഗുരുവിശ്വാസികൾ പദയാത്രയിൽ അണിചേരും. തീർത്ഥാടന ലക്ഷ്യങ്ങളും ശിവഗിരി തീർത്ഥാടനത്തിന്റെ കാലിക പ്രസക്തിയും വിളംബരം ചെയ്തു കൊണ്ടുളള പദയാത്ര വൈകിട്ടോടെ ശിവഗിരി മഹാസമാധി അങ്കണത്തിൽ സന്യാസിവര്യന്മാരുടെ കാർമികത്വത്തിൽ സമൂഹ പ്രാർത്ഥനയോടെ സമാപിക്കും. ശ്രീനാരായണ ഗുരുവിന്റെ വിഗ്രഹവും വലിച്ചുകൊണ്ടുളള രഥം പദയാത്രയ്ക്ക് അകമ്പടി സേവിക്കും. ജില്ലയിൽ നിന്നു ശിവഗിരിയിൽ എത്തുന്ന ആദ്യ പദയാത്രയാകും ചിറയിൻകീഴിലേത്. 21ന് വൈകിട്ട് 5ന് ശാർക്കര ഗുരുക്ഷേത്ര സന്നിധിയിൽ ശിവഗിരി മഠത്തിലെ സ്വാമി പരാനന്ദ പദയാത്രയിൽ പങ്കെടുക്കുന്ന ഗുരു ഭക്തർക്ക് പീതാംബര ദീക്ഷ കൈമാറും. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് ശിവഗിരിയിലേക്കു തീർഥാടന വിളംബര പദയാത്ര നടത്തുന്നതിനെക്കുറിച്ചും താലൂക്ക്തല സംഘാടക സമിതിയെ തിരഞ്ഞെടുക്കുന്നതിനുമായി ചേർന്ന ചിറയിൻകീഴ് താലൂക്കുതല സംയുക്ത യോഗം എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് യൂണിയൻ പ്രസിഡന്റ് സി. വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. സഭവിള ശ്രീനാരായണാശ്രമം ഹാളിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻ രാജ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എൻ ട്രസ്റ്റ് ബോർഡംഗം ഡോ.ബി.സീരപാണി, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി. കൃത്തിദാസ്, ഡി.ചിത്രാംഗദൻ, വനിതാസംഘം ഭാരവാഹികളായ ജലജ, സലിത, ലതികാപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു. യോഗത്തിൽ യൂണിയന് കീഴിലുള്ള എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, യൂണിയൻ പ്രതിനിധികൾ, വനിതാ സംഘം/യൂത്ത് മൂവ്മെന്റ് യൂണിയൻ ഭാരവാഹികൾ (കൗൺസിലർമാർ ഉൾപ്പെടെ), ശാഖാ യോഗം വനിതാ സംഘം - കുടുംബ യൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് യൂണിറ്റ് കൺവീനർ /ജോയിന്റ് കൺവീനർ, വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പ്രതിനിധികൾ, ഗുരുമന്ദിര സമിതി ഭാരവാഹികൾ, എസ്.എൻ ട്രസ്റ്റ് ബോർഡ‌് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.