ഏഴിമലയിലെ നേവൽ അക്കാഡമി പോലെ കണ്ണൂർ അഴീക്കലിൽ കോസ്റ്റ് ഗാർഡ് അക്കാഡമി സ്ഥാപിക്കാനുള്ള പദ്ധതി കേന്ദ്രം അന്തിമമായി ഉപേക്ഷിച്ചതായുള്ള വാർത്ത സംസ്ഥാനത്തിനൊന്നാകെ നിരാശയും പ്രതിഷേധവും ജനിപ്പിക്കുന്നതാണ്. കൊട്ടും ഘോഷവുമായി എട്ടുവർഷം മുൻപ് തുടങ്ങിവച്ച പദ്ധതി ഉപേക്ഷിക്കാനുള്ള കേന്ദ്രതീരുമാനത്തിനു മുന്നിൽ ഒരു ഗൂഢലക്ഷ്യം കൂടിയുണ്ട്. കേരളത്തിന്റെ നഷ്ടം കർണാടകത്തിൽ ഗുണകരമാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നതെന്ന സൂചന വന്നുകഴിഞ്ഞു. കോസ്റ്റ് ഗാർഡ് അക്കാഡമി കർണാടകത്തിലെ മംഗലാപുരത്തിനടുത്തുള്ള ബൈക്കംപാടിയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടു വർഷം മുൻപു തന്നെ കർണാടക സർക്കാർ ഇതിനായി 160 ഏക്കർ ഭൂമി അനുവദിച്ചതാണ്.
കേരള സർക്കാരും 2011ൽ അക്കാഡമിക്കായി അഴീക്കൽ ഇരിണാവിൽ 164 ഏക്കർ ഏറ്റെടുത്ത് കേന്ദ്രത്തിനു കൈമാറിയതാണ്. പദ്ധതിക്ക് അതേ വർഷം തന്നെ തറക്കല്ലിട്ടതൊഴിച്ചാൽ മറ്റു നടപടികളൊന്നും എടുത്തില്ല. മതിൽ നിർമ്മാണത്തിനും ജല വൈദ്യുതി സൗകര്യങ്ങൾക്കുമായി ഇതിനകം 65 കോടി രൂപ ചെലവിടുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോഴാണ് അഴീക്കലിൽ കോസ്റ്റ് ഗാർഡിനായി ഏറ്റെടുത്ത സ്ഥലം അതിന് അനുയോജ്യമല്ലെന്ന വിചിത്ര നിലപാടുമായി കേന്ദ്രം രംഗത്തുവരുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭയിൽ എളമരം കരിമിന്റെ ചോദ്യത്തിന് പ്രതിരോധ വകുപ്പ് സഹമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പരിസ്ഥിതി വകുപ്പ് തടസം നിൽക്കുന്നതു കൊണ്ടാണ് പദ്ധതി ഉപേക്ഷിക്കേണ്ടിവരുന്നതെന്ന മുടന്തൻ ന്യായം മുന്നോട്ടു വച്ചിരുന്നു. അക്കാഡമിക്കായി ഏറ്റെടുത്ത സ്ഥലം തീരദേശ പരിപാലന നിയമത്തിലെ സി.ആർ.ഇസഡ് 1(എ) വിഭാഗത്തിൽപ്പെടുന്ന ഭൂമിയാണത്രെ ഇത്.
ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങളുള്ളതിനാൽ അക്കാഡമിക്കാവശ്യമായ കെട്ടിടങ്ങളും മറ്റു സൗകര്യങ്ങളും ഒരുക്കാൻ ബുദ്ധിമുട്ടാണത്രെ. മാത്രമല്ല ധാരാളം ചതുപ്പും കണ്ടൽ വനവുമൊക്കെയുള്ളതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ ദുഷ്കരമാണെന്ന കണ്ടെത്തലും ഒപ്പമുണ്ട്. കേന്ദ്ര പദ്ധതിയെന്ന നിലയ്ക്കും പ്രതിരോധാവശ്യം മുൻനിറുത്തിയും ഏത് ഇളവും സാദ്ധ്യമാണെന്നിരിക്കെ ഇപ്പോൾ ഈ മുടന്തൻ ന്യായങ്ങൾ നിരത്തി പദ്ധതി ഇവിടെ നിന്നു മാറ്റിക്കൊണ്ടു പോകുന്നതിനു പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം തന്നെയാണുള്ളതെന്ന് മനസിലാക്കാൻ വിശേഷബുദ്ധിയൊന്നും വേണ്ട. കോസ്റ്റ് ഗാർഡ് അക്കാഡമിയല്ല അതിനെക്കാൾ വലിയ പദ്ധതി കേരളത്തിന് അനുവദിച്ചാലും അതിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാൻ കേന്ദ്രം ഭരിക്കുന്നവർക്ക് കഴിയുകയില്ലെന്നു വ്യക്തമാണ്. അതേ സമയം പദ്ധതി മംഗലാപുരത്തേക്കു കൊണ്ടുപോയാൽ നേട്ടം ഏറെയുണ്ടുതാനും.
അഴീക്കലിൽ ഏറ്റെടുത്ത ഭൂമിയിൽ കണ്ടൽക്കാടു നിൽക്കുന്ന പ്രദേശം ഒഴികെയുള്ളിടത്ത് ഏതുതരം നിർമ്മാണത്തിനും അനുമതി നൽകി സംസ്ഥാന തീരദേശ പരിപാലന അതോറിട്ടി ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. അക്കാര്യം കേന്ദ്രത്തെ യഥാകാലം അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും തീരദേശ പരിപാലന നിയമത്തിന്റെ മറവിൽ പദ്ധതി കേരളത്തിൽ നിന്നു മാറ്റിക്കൊണ്ടു പോകുന്നത് സംസ്ഥാനത്തോട് പണ്ടുമുതലേ കേന്ദ്രം പുലർത്തിവരുന്ന കടുത്ത അവഗണനയുടെ ഭാഗമായിട്ടേ കാണാനാവൂ. നാവിക അക്കാഡമി പോലെ കോസ്റ്റ് ഗാർഡ് അക്കാഡമിയും തീരദേശ പ്രദേശത്തു മാത്രം പിറവിയെടുക്കേണ്ട സ്ഥാപനമാണ്. തീരപ്രദേശത്തല്ലാതെ പട്ടണത്തിലോ വനമേഖലകളിലോ അത് സ്ഥാപിക്കാനുമാകില്ല. ഇതൊക്കെ നന്നായി അറിയാവുന്നവർ തന്നെ തൊടുന്യായങ്ങൾ നിരത്തി പദ്ധതി അട്ടിമറിക്കുന്നത് ഇവിടെ ഇതൊക്കെ ചോദിക്കാനും പറയാനും ആളുകൾ ഇല്ലാത്തതുകൊണ്ടു തന്നെയാണ്. എട്ടുവർഷമായി അടയിരിക്കുന്ന ഒരു പദ്ധതി ഇത്തരത്തിൽ ഉപേക്ഷിക്കുമ്പോഴുണ്ടാകുന്ന ഭീമമായ നഷ്ടത്തെക്കുറിച്ചുപോലും ആരും ചിന്തിക്കുന്നില്ല. അറുപത്തഞ്ചു കോടി രൂപയാണ് വെറുതെ പാഴാക്കിക്കളഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് ഇത്തരം 'ചെറിയ' നഷ്ടങ്ങൾ പ്രശ്നമല്ലായിരിക്കാം. എന്നാൽ ജനങ്ങൾ നൽകുന്ന നികുതിപ്പണമാണ് ഇത്തരത്തിൽ നടത്തിപ്പുദോഷം മൂലം ഉപേക്ഷിക്കേണ്ടി വരുന്ന പദ്ധതികൾക്കായി വെറുതേ കളയേണ്ടി വരുന്നത്.
പിന്നാക്ക.ജില്ലകളായ കണ്ണൂരിനും കാസർകോടിനും പ്രയോജനമാകേണ്ടിയിരുന്നതാണ് അഴീക്കലെ നിർദ്ദിഷ്ട കോസ്റ്റ് ഗാർഡ് അക്കാഡമി. ഏഴിമലയിലെ നാവിക അക്കാഡമിയിൽ നിന്ന് 13 കിലോമീറ്റർ മാത്രം അകലെ ഉയർന്നു വരേണ്ടിയിരുന്ന കോസ്റ്റ് ഗാർഡ് അക്കാഡമി ഈ പ്രദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റി മറിക്കുമായിരുന്നു. സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ഇതിനിടെ കേന്ദ്രം വൃഥാശ്രമവും നടത്തുന്നുണ്ട്. ചതുപ്പു നിലമായതുകൊണ്ടാണത്രെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നത്. ചതുപ്പു നിലം അനുയോജ്യമാക്കിയെടുക്കാൻ നിഷ്പ്രയാസം സാദ്ധ്യമാണിന്ന്. എത്രയോ നിർമ്മിതികൾ അതിന് ഉദാഹരണങ്ങളായുണ്ട്. ചതുപ്പു പ്രദേശങ്ങളും വയലുമെല്ലാം നികത്തി നിർമ്മിച്ച നെടുമ്പാശ്ശേരി വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളമാണ്. അതുപോലെ എത്രയെത്ര സ്ഥാപനങ്ങൾ. എട്ടുവർഷം മുൻപേ തുടക്കമിട്ട കോസ്റ്റ് ഗാർഡ് അക്കാഡമി സാങ്കേതികത്വത്തിൽ കുടുങ്ങി വർഷങ്ങളായി മുന്നോട്ടു പോകാത്ത സ്ഥിതിയിലെത്തിയിട്ടും വേണ്ട രീതിയിൽ പ്രശ്നത്തിൽ ഇടപെടാൻ സംസ്ഥാന സർക്കാരിനും സാധിച്ചില്ല. പദ്ധതി നഷ്ടപ്പെട്ടെന്നു തിരിച്ചറിഞ്ഞപ്പോൾ വെറുതെ നെഞ്ചത്തടിച്ച് വിലപിക്കുന്നതിൽ ഇനി കാര്യമില്ല.