aanvarsha

മുടപുരം : നീർത്തട നിയമങ്ങൾ ശക്തമെന്നിരിക്കെ ഇവയെല്ലാം കാറ്റിൽപ്പറത്തി ഭൂമാഫിയകൾ വിലസുകയാണ്.ഇവരുടെ ഇടപെടലിന്റെ ഫലമായി ഒരുസമയത്ത് നല്ലരീതിയിൽ കൃഷിയുണ്ടായിരുന്ന പാടങ്ങൾ നികത്തപ്പെടുകയും അല്ലാത്തവ തരിശിടുകയും ചെയ്തു.തരിശിട്ടവ പിന്നീട് നികത്താമെന്ന നയമാണ് ഇവിടെ പിന്തുടരുന്ന രീതി. ചിറയിൻകീഴ് താലൂക്കിൽ ഏറ്റവും കൂടുതൽ പാടശേഖരങ്ങളുള്ള കിഴുവിലം ഗ്രാമപഞ്ചായത്തിലാണ് വയൽനികത്തൽ വ്യാപകമാകുന്നത്. രാത്രിയുടെ മറവിൽ അധികാരികളുടെ സഹായത്തോടെയാണ് പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നതെന്ന് സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി ആരോപിക്കുന്നു.രാത്രി 11 നും വെളുപ്പിന് 6നും ഇടയ്ക്കാണ് കുന്നുകളും മലകളും ഇടിച്ച് പാടശേഖരങ്ങളിലേക്ക് തള്ളുന്നത്.

കർഷകർ വിവിധ പദ്ധതികളിലൂടെ കൃഷി വ്യാപകമാക്കുന്നതിനിടെയാണ് ഭൂമാഫിയ പിടിമുറുക്കുന്നത്.

പാടശേഖരങ്ങളും ജലസ്രോതസുകളും നികത്തുന്ന ഭൂമാഫിയക്കെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റി ശക്തമായ സമരപരിപാടികൾക്കൊരുങ്ങുകയാണ്.
പുഞ്ചിച്ചിറ പാടശേഖരത്ത് അംഗൻവാടി നിർമ്മിക്കാനെന്ന വ്യാജേന മണ്ണിട്ട് നികത്തുന്നത്തിന് അധികാരികളും കൂട്ടുനിൽക്കുന്നതായി സി.പി.ഐ കിഴുവിലം ലോക്കൽ കമ്മിറ്റി ആരോപിച്ചു. നൂറുകണക്കിന് കുടുംബങ്ങളുടെ കിണറുകളിൽ വേനൽക്കാലത്തും വെള്ളം വറ്റാതിരിക്കാൻ സഹായകരമായ ജലസ്രോതസാണ് പുഞ്ചിച്ചിറ പാടശേഖരം. ഇവിടെയാണ് വയൽനികത്തൽ നടക്കുന്നത്. പാടശേഖരങ്ങളും ജലസ്രോതസുകളും മണ്ണിട്ട് മൂടാൻ ശ്രമിക്കുന്ന ഭൂമാഫിയയ്ക്കെതിരെ സി.പി.ഐ ലോക്കൽ കമ്മിറ്റി ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

നീർത്തട സംരക്ഷണ നിയമം ചില ഇളവുകൾ

ജില്ലാ കളക്ടർ നിയോഗിക്കുന്ന റവന്യൂ ഡിവിഷൻ ഓഫീസർ അദ്ധ്യക്ഷനായുള്ള ജില്ലാതല അംഗീകൃത കമ്മറ്റിക്ക് ഭവനനിർമ്മാണത്തിനാവശ്യമായ നിലം നികത്തലിന് ചില ഇളവുകൾ അനുവദിക്കാം.

നിയമത്തിലെ വ്യവസ്ഥകൾ പാലിച്ചുകൊണ്ട്, പഞ്ചായത്തുകളിൽ ഉടമയുടെ 10 സെന്റ് വരെയുള്ള നിലവും, മുനിസിപ്പൽ പ്രദേശങ്ങളിൽ 5 സെന്റ് വരെയുള്ള നിലവും ഭവനനിർമ്മാണാത്തിന് മാത്രമായി നികത്താനായുള്ള അനുവാദം കൊടുക്കുന്നതിന് ഈ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. ഇത്തരത്തിൽ നികത്തുന്നതിനുള്ള വിവിധ നിബന്ധനകളിൽ പ്രധാനം, അത്തരം നികത്തലുകൾ ആ പ്രദേശത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയോ, സമീപ വയലുകളിലെ കൃഷിയെയോ ദോഷകരമായി ബാധിക്കാൻ പാടില്ല.

കൂടാതെ നികത്താൻ അനുമതി തേടുന്ന നിലമുടമയ്ക്ക്, താമസയോഗ്യമായ മറ്റ് സ്ഥലങ്ങളില്ലാ എന്നും നികത്തുന്നത് സ്വന്തം ആവശ്യത്തിന് വീട് വെയ്കാനാണെന്നതും മറ്റ് വയലുകളാൽ ചുറ്റപ്പെട്ട പ്രദേശമല്ല നികത്തുന്നതെന്നും ഉറപ്പാക്കേണ്ടതും ഈ കമ്മറ്റിയുടെ ചുമതലയാണ്.

നികത്തൽ ഇവിടെ

വലിയേല

മുടപുരം

ചിറമൂല

 കിഴുവിലം

 കമുകറ

 മഠത്തിൽ

മേഖലയിൽ കഴിഞ്ഞ തവണത്തെ കൃഷി - 50 ഹെക്ടർ

ഇപ്പോൾ കൃഷി -- 75 ഹെക്ടർ