കടയ്ക്കാവൂർ: കടലിൽ മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബാഗങ്ങൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനുള്ള നടപടികൾ ഫിഷറീസ് ഉദ്ധ്യോഗസ്ഥൻ മനപൂർവം വൈകിപ്പിക്കുന്നു എന്നാരോപിച്ചു അഞ്ചുതെങ്ങ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും മത്സ്യതൊഴിലാളി സ്ത്രീകളുടെയും നേതൃത്വത്തിൽ ഫിഷറീസ് ഓഫീസറെ ഉപരോധിച്ചു. മത്സ്യതൊഴിലാളി പെൻഷൻ വൈകിപ്പിക്കുക, കിടപ്പ് രോഗികളെപ്പോലും നിർബന്ധപൂർവം മസ്റ്രറിംഗിന് വരുത്തുക, വിവിധ ആവശ്യങ്ങൾക്കായി ഓഫീസിൽ വരുന്ന മത്സ്യതൊഴിലാളികളെ ബുദ്ധിമുട്ടിക്കുക എന്നിവ ഫിഷറീസ് ഓഫീസർ ഗോപന്റെ സ്ഥിരം പരിപാടിയാണെന്ന് മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ ആരോപിച്ചു. ഇൻഷ്വറൻസ് തുക വേഗത്തിൽ ലഭിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കാമെന്നും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഫിഷറീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാമെന്ന ആർ.ഇ.യുടെ ഉറപ്പിനെ തുടർന്നും ഉപരോധം അവസാനിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഡി.സി.സി മെമ്പർ നെൽസൺ, പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമൺ, വൈസ് പ്രസിഡന്റ് യേശുദാസൻ, ജിഫിൻ എന്നിവർ പങ്കെടുത്തു