കിളിമാനൂർ: സാംസ്കാരിക കേരളത്തെ ലജ്ജിപ്പിച്ച് കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ പിഞ്ചുകുഞ്ഞുങ്ങളെ അമ്മ ശിശുക്ഷേമ സമിതിക്ക് കൈമാറിയെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കിളിമാനൂരിലും സമാന ചുറ്റുപാടിൽ ഒരമ്മ പിഞ്ചുകുഞ്ഞുങ്ങളുമായി കഴിയുന്നു. പഴയകുന്നുമ്മൽ പഞ്ചായത്തിലെ ചാവേറ്റിക്കാട്ടിലാണ് പട്ടികജാതി കുടുംബത്തിലെ സിന്ധു (26) ഒരു ടാർപോളിന് കീഴിൽ രണ്ട് മക്കളുമായി കഴിയുന്നത്. മൂത്തയാൾക്ക് 2 വയസും ഇളയ കുട്ടിക്ക് 24 ദിവസവും മാത്രമാണ് പ്രായം. മദ്യപാനിയായ ഭർത്താവ് രാമചന്ദ്രൻ കൂലിപ്പണിക്കാരനാണെങ്കിലും മിക്ക ദിവസവും വീട്ടിൽ പട്ടിണിയാണ്. ചാവേറ്റിക്കാട്ടിൽ ഭർതൃപിതാവിന്റെ പേരിലുള്ള അഞ്ച് സെന്റിൽ കഴിയുന്ന ഇവർക്ക് റേഷൻ കാർഡ് ഉൾപ്പെടെയുള്ള സർക്കാർ രേഖകളൊന്നും ഇല്ലാത്തതിനാൽ റേഷനോ മറ്റ് ആനുകൂല്യങ്ങളോ ലഭ്യമല്ല. പ്ലാസ്റ്റിക് കൊണ്ട് മറച്ച് ഒറ്റ ടാർപോളിന് കീഴിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ നിലത്താണ് 24 ദിവസം മാത്രം പ്രായമുള്ള കുഞ്ഞും അമ്മയും കഴിയുന്നത്. പോഷകാഹാരക്കുറവും, വൃത്തിഹീനമായ അന്തരീക്ഷവും കാരണം കുട്ടികൾക്ക് പകർച്ചവ്യാധികൾ വരുമെന്നതിൽ യാതൊരു സംശയവും ഇല്ലെന്ന് നാട്ടുകാർ പറയുന്നു. കടയ്ക്കൽ ഗവ. താലൂക്ക് ആശുപത്രിയിലാണ് സിന്ധു രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ചത്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞ സിന്ധുവിന് വേണ്ടത്ര പ്രസവ ശുശ്രൂഷകൾ ലഭിച്ചിരുന്നില്ല. പ്രസവസമയത്ത് ആശാവർക്കർമാർ ചേർന്നാണ് സിന്ധുവിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചത്. പ്രസവശേഷം കൂരയിൽ തിരിച്ചെത്തിയ സിന്ധുവിന് കുഞ്ഞിനെ മഴയത്ത് വെള്ളം ഒലിച്ചിറങ്ങുന്ന വൃത്തിഹീനമായ വെറും തറയിൽ കിടത്താൻ മാത്രമേ കഴിഞ്ഞുള്ളൂ. മദ്യപാനിയായ ഭർത്താവിന് ഇതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഇയാളുടെ വഴക്കും അസഭ്യവർഷവും കാരണം അയൽക്കാരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കാറില്ലായിരുന്നു. വിശപ്പും തണുപ്പും സഹിക്കാനാകാതെ കുഞ്ഞിന്റെ നിറുത്താതെയുള്ള കരച്ചിൽ കേട്ടതോടെയാണ് അയൽക്കാരുടെ ശ്രദ്ധ പതിഞ്ഞത്. തുടർന്ന് ഇക്കാര്യമറിഞ്ഞ പൊതുപ്രവർത്തർ കേരളകൗമുദിയെ വിവരം അറിയിക്കുകയായിരുന്നു. സർക്കാരിന്റെയും ജനകീയ കൂട്ടായ്മകളുടെയും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഒരു ദുരന്തത്തിന് നാട് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.