cash-

തിരുവനന്തപുരം: ഒരു അന്താരാഷ്ട്ര ന്യൂട്രീഷ്യൻ കമ്പനിയുടെ പേരുപറഞ്ഞ് സംസ്ഥാനത്ത് തട്ടിപ്പ് നടക്കുന്നുവെന്ന് കേരളകൗമുദി 'ഫ്ളാഷ്' അന്വേഷണത്തിൽ കണ്ടെത്തി. നൂറുകണക്കിന് പേരെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി കമ്പനിയുടെ പേര് പറഞ്ഞ് ചില സംഘങ്ങൾ നറുക്കെടുപ്പ് നടക്കുന്നുണ്ടെന്നും മുന്തിയ സമ്മാനങ്ങൾ ഉണ്ടെന്നും പറഞ്ഞ് സമീപിക്കുന്നത്. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ വ്യാജ ലോഗോ ഉപയോഗിച്ചും ഉടമസ്ഥന്റെ പേര് പറഞ്ഞുമാണ് തട്ടിപ്പുസംഘം രംഗത്തെത്തിയിരിക്കുന്നത്. ചില പരാതികൾ ലഭിച്ചതിനെത്തുടർന്ന് 'ഫ്ളാഷ്' കമ്പനിയിലടക്കം അന്വേഷിച്ചപ്പോഴാണ് അത്തരമൊരു നറുക്കെടുപ്പോ സമ്മാന ദാനമോ കമ്പനി നടത്തുന്നില്ലെന്നും ചിലർ കമ്പനിയുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതെന്നും വ്യക്തമായത്.

കത്തും സമ്മാനവും

കമ്പനിയുടെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച് കേരളത്തിലെ എല്ലാ മൊബൈൽ ഉപഭോക്താക്കളെയും വച്ച് ഒരു നറുക്കെടുപ്പ് നടത്തിയെന്നും അതിന്റെ ഭാഗമായി നിങ്ങൾ വിജയിച്ചുവെന്നും അറിയിച്ചാണ് ചിലർക്ക് ആദ്യം മൊബൈലിലേക്ക് വിളിയെത്തിയത്. രണ്ടേ മുക്കാൽ ലക്ഷത്തോളം രൂപയും സ്വർണവും സമ്മാനമായി ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. തുടർന്ന് അവരിൽ നിന്നൊക്കെ മേൽവിലാസവും വാങ്ങി. തുടർന്ന് ഒരു വെരിഫിക്കേഷൻ ലെറ്റർ അയക്കുമെന്നും പറഞ്ഞു. ലെറ്റർ കിട്ടിയാലുടൻ വിളിക്കണമെന്ന നിർദേശവും നൽകി.

തൊട്ടുപിന്നാലെ സംഘം അറിയിച്ചതുപോലെ ചിലരുടെ വീട്ടിലേക്ക് വേരിഫിക്കേഷൻ ലെറ്ററെത്തി. 2.85 ലക്ഷം രൂപ ക്യാഷ് പ്രൈസിനും 4 ഗ്രാം മോതിരത്തിനും നിങ്ങൾ അർഹനായിട്ടുണ്ടെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. സമ്മാന മോതിരം തപാൽ മാർഗം മേൽവിലാസത്തിൽ എത്തുമെന്നാണ് വാഗ്ദാനം. സമ്മാനം വാങ്ങുമ്പോൾ തപാൽ ഓഫീസിൽ നിങ്ങളുടെ ഏതെങ്കിലും തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും അറിയിപ്പിലുണ്ട്. ലെറ്ററിനൊപ്പം ഒരു സ്ക്രാച്ച് കാർഡുമുണ്ട്. സ്ക്രാച്ച് കാർഡിൽ ഉരയ്ക്കുമ്പോൾ കാർ, മൊബൈൽഫോൺ, വാഷിംഗ് മെഷീൻ, ഫ്രിഡ്ജ് അടക്കമുള്ള മോഹിപ്പിക്കുന്ന സമ്മാനങ്ങളായിരിക്കും വാഗ്ദാനമായി ലഭിക്കുക.

പലർക്കും കിട്ടിയ കത്തിൽ കേന്ദ്ര സർക്കാരിന്റെ നോട്ടറി സീലുമുണ്ട്. വെരിഫിക്കേഷൻ ലെറ്റർ കിട്ടിയാലുടൻ കമ്പനിയുമായി ഫോണിൽ ബന്ധപ്പെടണമെന്ന അറിയിപ്പും ലെറ്ററിലുണ്ട്. ഇതേ തുടർന്ന് ബന്ധപ്പെട്ടവരോട് ബാങ്ക് അക്കൗണ്ട് നമ്പർ അയയ്ക്കാനായി ആവശ്യപ്പെട്ടുവത്രേ. അക്കൗണ്ടിൽ പത്ത് ദിവസത്തിനകം ക്യാഷ് പ്രൈസ് എത്തുമെന്നായിരുന്നു വാഗ്ദാനം. സമ്മാനതുകയുടെ ജി.എസ്.ടി ഈടാക്കുമെന്നും അതിനാൽ ജി.എസ്.ടി തുകയായ 13,800 രൂപ തങ്ങളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കണമെന്നും സംഘം ഫോണിൽ ചിലരോട് പറഞ്ഞു. അതോടെയാണ് പലർക്കും സംശയം ഉടലെടുത്തത്. അതോടെ ഇതൊരു കബളിപ്പിക്കലാണെന്ന് കത്ത് കിട്ടിയ പലർക്കും തോന്നുകയും ചെയ്തു.

കത്തിലുണ്ടായിരുന്ന ഒരു നമ്പറിലേക്ക് 'ഫ്ളാഷ്' ബന്ധപ്പെട്ടപ്പോൾ കിട്ടിയ മറുപടിയും സംശയം ജനിപ്പിക്കുന്നതായിരുന്നു. ജി.എസ്.ടി തുകയെടുത്ത ശേഷം പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ, കമ്പനിയുടെ നിബന്ധന അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാകൂ എന്നായിരുന്നു ലഭിച്ച പ്രതികരണം. തുടർന്ന് കമ്പനിയുടെ ഡൽഹിയിലേയും ബംഗളൂരുവിലെയും ഓഫീസുകളും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സ്റ്റാളുകളും കേന്ദ്രീകരിച്ച് 'ഫ്ളാഷ്' അന്വേഷണം നടത്തി. അതോടെയൊണ് ഇതൊരു തട്ടിപ്പാണെന്ന് വ്യക്തമായത്. തങ്ങൾ ഇത്തരമൊരു സമ്മാനവിതരണം നടത്തുന്നില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.