ggg

നെയ്യാറ്റിൻകര: രാത്രിയെന്നോ പകലെന്നോയില്ലാതെ നാഴികയ്ക്ക് നാല്പത് വട്ടം ഒഫാകുന്ന വൈദ്യുതിയെ ശപിച്ച് കഴിയുകയായിരുന്ന നെയ്യാറ്റിൻകരക്കാർക്ക് ഇനി അതിൽ നിന്നും മോക്ഷം. അര നൂറ്റാണ്ടിന് ശേഷം നെയ്യാറ്റിൻകരയിലെ വൈദ്യുത സബ്സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്യുന്നതോടെയാണ് ഈ നേട്ടം കൈവരിക്കാനാകുന്നതെന്ന് വൈദ്യുത മേഖലയിലെ ഉദ്യോഗസ്ഥർ പറയുന്നു. നേരത്തേയുണ്ടായിരുന്ന 66 കെ.വി വൈദ്യുത സബ്സ്റ്റേഷൻ ഇപ്പോൾ 110 കെ.വി സബ്സ്റ്റേഷനായി ഉയർത്തുകയാണ്. ഇതോടെ നെയ്യാറ്റിൻകരയിലേയും സമീപ പ്രദേശത്തെയും വൈദ്യുത ക്ഷാമം പൂർണമായി പരിഹരിക്കുമെന്ന് കരുതപ്പെടുന്നു. 1968 സെപ്റ്റംബർ മാസത്തിലാണ് നെയ്യാറ്റിൻകരയിൽ 66 കെ.വി സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്. അടുത്ത 25 വർഷത്തെ നെയ്യാറ്റിൻകരയുടെ വൈദ്യുത ആവശ്യകത കണക്കിലെടുത്താണ് സബ്സ്റ്റേഷൻ അന്ന് സ്ഥാപിച്ചത്. എന്നാൽ അതിന് ശേഷം വൈദ്യുത മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടായെങ്കിലും സബ്സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്തിരുന്നില്ല. എന്നിരുന്നാലും എല്ലാ വീടുകളും വൈദ്യുതീകരിക്കാൻ കഴിഞ്ഞിരുന്നു. അടുത്ത 15 വർഷത്തെയെങ്കിലും നെയ്യാറ്റിൻകരയുടെയും സമീപ പ്രദേശങ്ങളിലെയും വൈദ്യുത ആവശ്യകത മുൻകൂട്ടി കണ്ടു കൊണ്ടാണ് ഇപ്പോൾ സബ്സ്റ്റേഷൻ അപ്ഗ്രേഡ് ചെയ്തത്.

പാറശാല മുതൽ തൊഴുക്കൽ വരെ 10.5 കിലോമീറ്റർ ട്രാൻസ്‌മിഷൻ ലൈൻ 110 കെ.വി ലൈൻ ആയി അപ്ഗ്രേഡ് ചെയ്തു. സീമെൻസ്, എ.ബി.ബി, ടെൽക് തുടങ്ങിയ കമ്പനികളുടെ ആധുനിക ഉപകരണങ്ങൾ ആണ് സബ്സ്റ്റേഷന് ഉപയോഗിച്ചിരിക്കുന്നത്. പൂർണമായും സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 20 കോടി രൂപ ചെലവിലാണ് സബ്സ്റ്റേഷൻ സ്ഥാപിക്കുന്നത്.

സാധാരണ കമുകിൻകോട് കൊച്ചുപള്ളിയിൽ ചൊവ്വാഴ്ച ദിവസം നല്ല തിരക്കാണ്. അന്ന് ആ പ്രദേശത്ത് വൈദ്യുതി ലഭിക്കാത്തത് സ്ഥിരമാണെന്ന് നാട്ടുകാർ. ടൗണിന് സമീപ പ്രദേശത്ത് രാത്രി വൈദ്യുതി മുടങ്ങിയാൽ പിന്നെ ചൂടും കൊതുകുമായി രാത്രി തള്ളിനീക്കുകയേ മാർഗമുണ്ടായിരുന്നുള്ളു. ഇനി അതെല്ലാം പഴങ്കഥയാകുമെന്ന് കരുതുന്നു. നിരന്തര ഫോഴ്സിംഗ് തുടർച്ചയായ ഇടപെടലുകൾ, നിയമസഭയിൽ സബ്മിഷൻ, ചോദ്യോത്തരവേളയിലുമുള്ള തുടർച്ചയായ ഫോളോ അപ്പ് എന്നിവ കാരണം പദ്ധതി യഥാസമയം പൂർത്തിയാക്കുന്നതിന് സഹായകമായിയെന്ന് കെ. ആൻസലൻ എം.എൽ.എ പറയുന്നു.

മന്ത്രി എം.എം. മണി സബ്സ്റ്റേഷന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് വൈകിട്ട് 4ന് തൊഴുക്കലിൽ നിർവഹിക്കും. ശശി തരൂർ എം.പി, സി.കെ. ഹരീന്ദ്രൻ എം.എൽ.എ, കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ ആൻഡ് സിസ്റ്റം ഓപ്പറേഷൻ ഡയക്ടർ എൻ. വേണുഗോപാൽ, ട്രാൻസ്മിഷൻസൗത്ത് ചീഫ് എൻജിനിയർ ആർ. സുകു തുടങ്ങിയവർ പങ്കെടുക്കും.