marthandam-theft

കുഴിത്തുറ: മാർത്താണ്ഡം ഫ്ലൈഓവറിന് അടിവശത്തുള്ള സി.എസ്.ഐ ഷോപ്പിംഗ് കോംപ്ലക്‌സിലെ മൂന്നു കടകളിൽ മോഷണം. മൊബൈൽ ഷോപ്പിലും കമ്പ്യൂട്ടർ ഹാർഡ്‌വെയർ ഷോപ്പിലും ഇലക്ട്രോണിക്‌സ് ഷോപ്പിലുമാണ് മോഷണം നടന്നത്. പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് കമ്പ്യൂട്ടർ ഷോപ്പിലുണ്ടായിരുന്ന 10 ലാപ്‌ടോപ്പുകളും 85000 രൂപയും കവർന്നു. മറ്റ് കടകളിൽ നിന്നും 300 രൂപയും ഉപകരണങ്ങളും നഷ്ടമായിട്ടുണ്ട്. മാരായപുരം സ്വദേശി സുനിൽകുമാറിന്റെ കടയിലാണ് സംഭവം. തിങ്കളാഴ്ച രാത്രി കടയടച്ചുപോയ ശേഷം ഇന്നലെ രാവിലെ സുനിൽ കട തുറക്കാനാനെത്തിയപ്പോഴാണ് ഷട്ടർ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മാർത്താണ്ഡം എസ്.ഐ ശിവശങ്കറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പരിശോധന നടത്തി. സി.സി ടി.വി പരിശോധിച്ചപ്പോൾ മോഷ്ടാവ് ഇരുമ്പ് കമ്പി ഉപയോഗിച്ച് പൂട്ട് പൊളിക്കുന്നതും മേശയിലുണ്ടായിരുന്ന പണമെടുക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും മോഷ്ടാവ് ഉപയോഗിച്ച ടോർച്ചും പൊലീസ് കണ്ടെത്തി.