തിരുവനന്തപുരം: ഇൻഫോസിസ് മുൻ സി.ഇ.ഒ ഷിബുലാലിന്റെ മകൾ ശ്രുതി ഷിബുലാലിന്റെ നേതൃത്വത്തിലുള്ള താമര ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര ഹോട്ടൽ ബൈപാസിൽ ആക്കുളത്തിന് സമീപം ഒരുങ്ങുന്നു. 'ഒ ബൈ താമര" എന്ന പേരിലുള്ള ഹോട്ടലിൽ 152 മുറികളുണ്ട്. താമര ഗ്രൂപ്പിന് നിലവിൽ കൊടൈക്കനാൽ, കൂർഗ്, ബംഗളൂരു എന്നിവിടങ്ങളിൽ പഞ്ചനക്ഷത്ര ഹോട്ടലുണ്ട്. ജർമ്മനിയിൽ ഹോളിഡേ ഇനൻ എക്സപ്രസ്, ഗ്യൂട്ടർസ്ലോ, പ്രൈസിയോട്ടൽ, ഹാനോവർ, കോർട്ടിയാർഡ് ബൈ മാരിയട്ട വൂൾസ് ബെർഗ് എന്നീ ഹോട്ടലുകളുമുണ്ട്. ആലപ്പുഴ, ഗുരുവായൂർ, കണ്ണൂർ എന്നിവിടങ്ങളിലും പുതിയ ഹോട്ടൽ പദ്ധതികളുണ്ടെന്ന് താമര ഗ്രൂപ്പ് സംരംഭകയായ ശ്രുതി ഷിബുലാൽ പറഞ്ഞു. ആലപ്പുഴയിലെ റിസോർട്ട് ആയുർവേദത്തിന് പ്രാമുഖ്യം നൽകുന്നതായിരിക്കും. കേരളത്തിൽ നാലു ഹോട്ടലുകളിലുമായി 300 കോടിയാണ് നിക്ഷേപിക്കുന്നത്.
വിനോദ സഞ്ചാര, വിവര സാങ്കേതിക മേഖലകളിലെ വളർച്ച കണക്കിലെടുത്താണ് കേരളത്തിന് പ്രാമുഖ്യം നൽകാൻ താമര ഗ്രൂപ്പ് തീരുമാനിച്ചത്. നിർമ്മാണത്തിൽ ഹോട്ടൽ ഹരിത ചട്ടങ്ങൾ പാലിച്ചിട്ടുണ്ടെന്നും ഇതിനുള്ള ദേശീയ മാനദണ്ഡമായ ഗൃഹ സർട്ടിഫിക്കേഷൻ ഉടൻ ലഭിക്കുമെന്നും ഹോട്ടൽ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പതിനായിരം ചതുരശ്രയടിയിലുള്ള കൺവെൻഷൻ സെന്റർ, 1400 ചതുരശ്ര അടി കോൺഫറൻസ് റൂം, നാല് ആഡംബര ഭക്ഷണശാലകൾ, അഞ്ച് ട്രീറ്ര് റൂമുകളോടു കൂടിയ സ്‌പാ, സ്റ്രീം, സോണ, ജകുസി എന്നീ സൗകര്യങ്ങളുമുണ്ടാകും.