police-constable-suicide

തിരുവനന്തപുരം: രാത്രി ഒറ്റയ്‌ക്ക് പോകുന്ന സ്ത്രീകളുടെ വാഹനം കേടാകുകയോ അപകടമുണ്ടാവുകയോ ചെയ്‌താൽ ഇനി രക്ഷയ്‌ക്ക് 'നിഴലായി" പൊലീസെത്തും. അടിയന്തര സാഹചര്യത്തിൽ ആവശ്യമായ സഹായം എത്തിക്കുന്നതിന് പൊലീസ് ആവിഷ്‌കരിച്ച നിഴൽ പദ്ധതിയുടെ ഭാഗമായാണ് ഈ സേവനം ലഭ്യമാക്കുന്നത്. എല്ലാ ജില്ലകളിലും '112" എന്ന നമ്പരിൽ വിളിച്ചാൽ പൊലീസ് വിളിപ്പുറത്തെത്തും. മുതിർന്ന പൗരൻമാർക്കും പദ്ധതിയുടെ ഗുണം ലഭിക്കും.

തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെ കമാൻഡ് സെന്ററിലാണ് കാൾസെന്റർ സജ്ജീകരിച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കമാൻഡ് സെന്ററിൽ ഫോൺകാൾ ലഭിച്ചാലുടൻ വിളിക്കുന്നയാൾ നിൽക്കുന്നിടം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി മനസിലാക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയും. നമ്പർ ഡയൽ ചെയ്യാൻ സാധിക്കാത്ത സാഹചര്യത്തിൽ ഫോണിന്റെ പവർ ബട്ടൺ മൂന്ന് തവണ അമർത്തിയാലും കമാൻഡ് സെന്ററിൽ സന്ദേശമെത്തും. സന്ദേശം ലഭിച്ചാലുടൻ പൊലീസ് തിരിച്ചു വിളിക്കും. '112 ഇന്ത്യ" എന്ന മൊബൈൽ ആപ്പിലെ പാനിക് ബട്ടൺ അമർത്തിയാലും സന്ദേശമെത്തും.

'രാത്രി ഒറ്റയ്‌ക്ക് സഞ്ചരിക്കുന്ന വനിതകൾക്ക് പൊലീസ് സഹായവും ഒറ്റയ്‌ക്ക് താമസിക്കുന്ന സ്ത്രീകൾക്കും മുതിർന്ന പൗരൻമാർക്കും അടിയന്തര ആവശ്യങ്ങൾക്ക് ഏത് സമയത്തും ഈ നമ്പരിൽ വിളിക്കാം".

- ലോക്‌നാഥ് ബഹ്റ, ഡി.ജി.പി