കല്ലമ്പലം: ദേശീയ പാത കടന്നു പോകുന്ന കല്ലമ്പലം മേഖലയിൽ ഗതാഗതക്കുരുക്കും അപകടവും വർദ്ധിക്കുന്നു.
റോഡിന്റെ ശോചനീയാവസ്ഥയും, നിയമലംഘനങ്ങളുമാണ് അപകടങ്ങൾക്ക് കാരണം.
ഇന്നലെ രാവിലെ പത്തിന് തട്ടുപാലത്തിനു സമീപം ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബ്രേക്ക് ചെയ്ത കാറിനു പിറകിൽ കെ. എസ്.ആർ.ടി.സി ബസിടിച്ച് നിയന്ത്രണം തെറ്റി പെട്രോൾ പമ്പിലേക്ക് പാഞ്ഞുകയറിയതാണ് ഒടുവിലത്തെ സംഭവം. ബസിന് വേഗത കുറവായതിനാൽ ആർക്കും പരിക്കില്ല. കഴിഞ്ഞ ദിവസം കല്ലമ്പലം ആഴംകോണത്തിനു സമീപം കാറും, ബൈക്കും, ആട്ടോയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ച മുമ്പ് കല്ലമ്പലം ജംഗ്ഷനു സമീപം കാർ ആട്ടോയിലിടിച്ച് ഇരുവാഹനങ്ങളും തലകീഴായി മറിഞ്ഞ് ഏഴുപേർക്ക് ഗുരുതരമായി പരുക്കേറ്റു.
ഇടിച്ച കാർ എട്ടടി താഴ്ചയുള്ള പഴയ റോഡിൽ പതിക്കുകയായിരുന്നു. ദേശീയപാതയിലെ ഏറ്റവും അപകടം നിറഞ്ഞ മേഖലയായി കടമ്പാട്ടുക്കോണം മുതൽ ആലംകോട് വരെ മാറിയിട്ടും പ്രതിരോധ നടപടികൾ ശക്തമല്ല.
പൊലീസും മോട്ടർ വാഹന വകുപ്പും ദേശീയപാതയിൽ പരിശോധനയും, ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കുന്നതിനിടയിലാണ് നിയമ ലംഘനങ്ങൾ ആവർത്തിക്കുന്നത്. കടമ്പാട്ടുകോണം മുതൽ കോരാണി വരെ പത്തു കിലോമീറ്ററിനുള്ളിലാണ് അപകടങ്ങൾ നടക്കുന്നത്. ആറുമാസത്തിനുള്ളിൽ വെയിലൂരിനും നാവായിക്കുളത്തിനുമിടയ്ക്ക് നാലു കാൽനടയാത്രികരാണ് അപകടത്തിൽ മരിച്ചത്. അമിതവേഗതയാണ് പ്രധാനകാരണം. അപകടമേഖലയാണെന്നും വേഗതകുറക്കണമെന്നുമുള്ള ബോർഡുകൾ നേരത്തെ ചിലയിടങ്ങളിൽ കാണാമായിരുന്നു. എന്നാൽ കാലപ്പഴക്കത്താൽ ഇവ നശിച്ചിട്ടും പുതിയത് സ്ഥാപിച്ചിട്ടില്ല.
റോഡ് മുറിച്ചുകടക്കൽ പ്രയാസം
ദേശീയപാത തട്ടുപാലം, വെയിലൂർ, മണമ്പൂർ, ചാത്തൻപാറ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ റോഡ് കുറുകെ കടക്കാൻ കഴിയാതെ വിദ്യാർഥികളും വയോധികരും വലയുന്നു. രാവിലെയും വൈകിട്ടുമാണ് പ്രശ്നം.
വാഹനങ്ങളൊന്നും നിറുത്തിക്കൊടുക്കാറില്ല. മണമ്പൂരിൽ ഇതു സംബന്ധിച്ച് മുതിർന്ന പൗരൻമാരുടെ സംഘടന പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല. തട്ടുപാലത്തും ചാത്തൻപാറയിലും നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന്‍ കുറച്ചു നാൾ പൊലീസിനെ നിറുത്തിയെങ്കിലും അതും പിൻവലിച്ചു. സീബ്രാലൈനിൽ നടക്കുമ്പോൾ പോലും നിറുത്താറില്ലെന്നതാണ് വാസ്തവം.
കഴിഞ്ഞ ഒരു മാസത്തിനിടെ നടന്നത്
15 അപകടങ്ങൾ