u1

തിരുവനന്തപുരം: ഒരു ഫോൺകാൾ ശ്രീദേവിക്കു നൽകിയത് ജീവിതമാണ്. കൈതമുക്ക് റയിൽവേ പുറമ്പോക്കിലെ ഫ്ളക്സ് മൂടിയ ചായ്‌പിൽ,​ വിശപ്പടക്കാൻ പൊന്നുമക്കൾ മണ്ണു വാരിത്തിന്നുന്നത് നിസ്സഹായതോടെ കണ്ടുനിൽക്കേണ്ടിവന്ന ദുരിതത്തിൽ നിന്ന് 17,​000 രൂപ മാസശമ്പളത്തിലേക്ക് ഒരൊറ്റ ദിവസത്തിന്റെ ദൂരമേ ഉണ്ടായുള്ളൂ. ആറു കുട്ടികളിൽ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോൾത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നൽകുമെന്ന് മേയർ കെ. ശ്രീകുമാർ പറ‍ഞ്ഞിരുന്നു. ആ വാക്ക് ഇന്നലെത്തന്നെ നഗരസഭ പാലിച്ചു.

പൂജപ്പുര മഹിളാമന്ദിരത്തിൽ കഴിയുന്ന ശ്രീദേവിക്ക് നഗരസഭാ ആരോഗ്യ വിഭാഗത്തിൽ ശുചീകരണ തൊഴിലാളിയായി താത്കാലിക ജോലി നൽകിയുള്ള ഉത്തരവ് മേയർ കൈമാറിയത് നേരിട്ടെത്തിയാണ്. 630 രൂപ ദിവസക്കൂലി. മാസം 17,000 രൂപ. നഗരസഭയ്‌ക്കു കീഴിൽ,​ പണി പൂർത്തിയായ ഫ്ളാറ്റുകളിലൊന്നിൽ ശ്രീദേവിക്കും കുടുംബത്തിനും താമസം അനുവദിക്കുമെന്നും മേയർ വാഗ്ദാനം നൽകിയിരുന്നു. കണ്ണമ്മൂല, കല്ലടിമുഖം, കരിമഠം എന്നിവിടങ്ങളിലാണ് നഗരസഭാ ഫ്ളാറ്റുകൾ. ഇതിലൊന്നിൽ ഫ്ലാറ്റ് നൽകും.

ശ്രീദേവിയെയും രണ്ട് കൈക്കുഞ്ഞുങ്ങളെയും താമസിപ്പിച്ചിരിക്കുന്ന മഹിളാ മന്ദിരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ കാരണം അസൗകര്യങ്ങളുണ്ട്. അതുകൊണ്ട് ഇവരെ വെള്ളനാട് പുനലാലിലെ ഡെയ്ൽ വ്യൂവിലേക്കു മാറ്റാനാണ് തീരുമാനം. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും ഉൾപ്പെടെ ശ്രീദേവിയുടെ നാലു കുട്ടികളാണ് തൈക്കാട് ശിശുക്ഷേമ സമിതിയിൽ. കുഞ്ഞുങ്ങളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സമിതി അധികൃതർ പറഞ്ഞു. പക്ഷേ,​ പ്രായത്തിനനുസരിച്ച് വേണ്ടുന്ന തൂക്കമില്ല. പോഷകാഹാരക്കുറവുമുണ്ട്.

കൂലിപ്പണിക്കാരനായ ഭർത്താവ് ആഹാരത്തിനുള്ള പണം പോലും നൽകാതിരുന്നതിനു പുറമെ മദ്യപിച്ചെത്തിയുള്ള മർദ്ദനവുമാണ് ഒരു വയസു വീതം മാത്രം പ്രായവ്യത്യാസമുള്ള ആറു കുഞ്ഞുങ്ങളുമായി ശ്രീദേവിയുടെ ജീവിതം നരകതുല്യമാക്കിയത്. ചോദ്യം ചെയ്യാനെത്തുന്ന അയൽക്കാരെ ശ്രീദേവിയുടെ ഭർത്താവ് ആട്ടിയോടിച്ചു. ഈ ദുരിതം കണ്ടവരിലാരോ ആണ് കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമ സമിതിയിലേക്ക് ഫോൺ ചെയ്ത് വിവരമറിയിച്ചത്. ആ ഒരു ഫോൺ കാൾ ശ്രീദേവിയുടെയും കുഞ്ഞുങ്ങളുടെയും ജീവിതം മാറ്റിവരയ്‌ക്കുകയായിരുന്നു.