പൂവാർ: സ്വാതന്ത്ര്യ സമരസേനാനിയും ഗാന്ധിയനുമായിരുന്ന ബി. നാരായണൻ നാടാരുടെ 28-ാം ചരമവാർഷികം സി.വി.സ്മാരക ഗ്രന്ഥശാലയുടെയും, കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ തെന്നൂർകോണം ബ്രാഞ്ച് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. സി.വി.സ്മാരക ഗ്രന്ഥശാല, ഖാദി സൊസൈറ്റി, വനിതാസമാജം എന്നിവയുടെ സ്ഥാപകനും, കിടാരക്കുഴി കേരളീയ നാടാർ സമാജത്തിന്റെ ആദ്യകാല വൈസ് പ്രസിഡന്റും, കാമരാജ് ഫെഡറേഷൻ ഒഫ് ഇന്ത്യ തെന്നൂർക്കോണം ബ്രാഞ്ചിന്റെ പ്രഥമ പ്രസിഡന്റും ആയിരുന്നു അദ്ദേഹം. സി.വി.സ്മാരക ഗ്രന്ഥശാലാ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം കാമരാജ് ഫൗണ്ടേഷൻ ഒഫ് ഇന്ത്യ ചെയർമാൻ ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. റിട്ട. ഡയറ്റ് പ്രിൻസിപ്പൽ മുക്കോല രത്നാകരൻ അദ്ധ്യക്ഷത വഹിച്ചു. എ.ജി.പി ആൻഡ് പബ്ളിക് പ്രോസിക്യൂട്ടർ അഡ്വ.കെ.ജയചന്ദ്രൻ, കാമരാജ് ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എസ്.കെ.വിജയകുമാർ, സി.പി.ഐ കോവളം മണ്ഡലം സെക്രട്ടറി കാഞ്ഞിരംകുളം ഗോപാലകൃഷ്ണൻ, ജനതാദൾ (എസ്) കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർകോണം ബാബു, വൈസ് പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ, സെക്രട്ടറി വി.എസ്.വിഷ്ണു തുടങ്ങിയവർ സംസാരിച്ചു.