valav

വിതുര: തിരുവനന്തപുരം-പൊൻമുടി സംസ്ഥാനപാതയിൽ വിതുര ചേന്നൻപാറ പെട്രോൾ പമ്പിന് സമീപമുള്ള വളവിൽ അപകടങ്ങൾ പതിവാകുന്നു. അമിതവേഗവും, അശ്രദ്ധയും നിമിത്തമാണ് അപകടങ്ങൾ അരങ്ങേറുന്നത്. റോഡിന്റെ വളവും തിരിവും അറിയാത്തതുമൂലമാണ് ടൂറിസ്റ്റുകൾ അപകടത്തിൽ പെടുന്നത്. ഇവിടെ ചോര പടരാത്ത ദിനങ്ങൾ വിരളമായി മാറിയിട്ടുണ്ട്. നിരവധി അപകടങ്ങൾ അരങ്ങേറിയിട്ടും യാതൊരു സുരക്ഷാനടപടികളും സ്വീകരിച്ചിട്ടില്ല. വിതുര, പാലോട് ടൂറിസം മേഖലകളായ പൊൻമുടി, ബോണക്കാട്, പേപ്പാറ മേഖലകളിലേക്കായി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡുകൂടിയാണിത്. ഇവിടെ അപകടങ്ങൾ നടക്കാത്ത ദിനങ്ങൾ വിരളമാണ്. മാത്രമല്ല റോഡരിക് മുഴുവൻ കാട് മൂടികിടക്കുകയാണ്. ഇൗ ഭാഗത്ത് മാലിന്യ നിക്ഷേപവും രൂക്ഷമാണ്. രാത്രികാലങ്ങളിൽ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും ഇറച്ചി വേസ്റ്റ് ഉൾപ്പടെയുള്ള മാലിന്യങ്ങൾ ഇവിടെ കൊണ്ടിടുന്നുണ്ട്. മാലിന്യം തിന്നുവാനായി പന്നികളും ഇവിടെയെത്തുന്നുണ്ട്. പുലർച്ചെ ബൈക്കിൽ സഞ്ചരിച്ച യുവാക്കളെ പന്നികൾ ഇടിച്ചിട്ട സംഭവും ഉണ്ടായി.

ചേന്നൻപാറ വളവിൽ ഉണ്ടായ അപകടങ്ങളിൽ രണ്ട് പേർ മരണപ്പെട്ടിട്ടുണ്ട്. വിതുരയിൽ നിന്നും പറണ്ടോട്ടേക്ക് പുറപ്പെട്ട യുവാവ് സഞ്ചരിച്ച ബൈക്ക് മരത്തിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് തൽക്ഷണം മരിച്ചു. കൂടാതെ ടെംപോയിൽ സഞ്ചരിച്ച വീട്ടമ്മ വളവ് തിരിയുന്നതിനിടയിൽ തെറിച്ച് റോഡിലേക്ക് വീണ് മരണപ്പെട്ടു. അപകടങ്ങളുടെ കണക്ക് വളരെ വലുതാണ്. നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞും, കൂട്ടിയിടിച്ചുമുണ്ടായ അപകടത്തിൽ അനവധി പേർ‌ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൈയും, കാലും നഷ്ടപ്പെട്ടവർ വരെയുണ്ട്. അപകടം പതിവായിട്ടും അധികൃതർ നിസംഗഭാവം നടിക്കുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

പൊൻമുടി സന്ദർശിക്കാനെത്തുന്ന യുവ സംഘങ്ങൾ ബൈക്കുകളിൽ അമിത വേഗതയിലാണ് പായുന്നത്. ഇതുമൂലം കാൽനടയാത്രികർ വളരെ ബുദ്ധിമുട്ടിലാണ്. അനവധി പേരെ ബൈക്കുകൾ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ സംഭവവുമുണ്ട്. മാത്രമല്ല പൊൻമുടി-വിതുര-തൊളിക്കോട് റോഡിൽ ബൈക്ക് റേസിംഗ് സംഘവും സജീവമാണ്. പൊലീസ് ഹെൽമെറ്റ് ധരിക്കാതെ സഞ്ചരിക്കുന്നവരെ പിടികൂടി പെറ്റി ചുമത്താറുണ്ടെങ്കിലും അമിത വേഗതയിൽ പായുന്നവരുടെ നേരെ കണ്ണടക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.