arrest

തിരുവനന്തപുരം: കൈതമുക്കിൽ യുവതിയായ വീട്ടമ്മ ആറ് മക്കളുമായി പട്ടിണി സഹിച്ചു ജീവിക്കുകയും നിവൃത്തിയില്ലാതെ നാലു കുഞ്ഞുങ്ങളെ ശിശുക്ഷേമ സമിതിക്ക് കൈമാറുകയും ചെയ്ത സംഭവത്തിൽ കുട്ടികളുടെ അച്ഛനെതിരെ കേസെടുക്കണമെന്ന് സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കും ശിശു ക്ഷേമ സമിതിയുടെ റിപ്പോർട്ട്.

മദ്യപിച്ചെത്തുന്ന പിതാവ് തങ്ങളെ നിരന്തരം മർദ്ദിച്ചിരുന്നെന്ന് കുട്ടികൾ ശിശുക്ഷേമ സമിതിക്ക് മൊഴി നൽകിയിരുന്നു. ഇതനുസരിച്ചാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ച് റിപ്പോർട്ട് നൽകിയതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി. ദീപക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സമിതി ഏറ്റെടുത്ത നാലു കുട്ടികളുടെയും ആരോഗ്യനില എസ്.എ.ടി ആശുപത്രിയിൽ പരിശോധിച്ചിരുന്നു. നീലകണ്ഠൻ (എഴ്)​,​ അമൃത (ആറ്)​ എന്നീ കുട്ടികൾക്ക് നെഞ്ചിൽ അണുബാധയുള്ളതായി കണ്ടെത്തി. ഇവർക്ക് ആന്റിബയോട്ടിക്കുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ആരോഗ്യനില സാധാരണനിലയിലായാൽ ഉടൻ ഇവർ പഠിച്ചിരുന്ന സ്‌കൂളിൽത്തന്നെ വിദ്യാഭ്യാസം തുടരാം. കുട്ടികൾക്കുള്ള വാഹനസൗകര്യം ശിശുക്ഷേമ സമിതി നൽകും.

വിവാഹം കഴിഞ്ഞ് ഏഴു വർഷത്തിനിടെ ആറു കുട്ടികളെ പ്രസവിച്ച 29 കാരിയായ വീട്ടമ്മയെ പുറത്തിറങ്ങാനോ,​ ആരോഗ്യപ്രവർത്തകർ വീട്ടിലെത്താനോ ഭർത്താവ് കുഞ്ഞുമോൻ അനുവദിച്ചിരുന്നില്ലെന്നും എസ്.പി. ദീപക് പറഞ്ഞു. സമിതി ട്രഷറർ രാധാകൃഷ്ണൻ , തണൽ സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ബാഹുലേയൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.