തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാപാരികൾക്ക് വാറ്ര് നികുതി കുടിശിക നോട്ടീസ് അയച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും. കഴിഞ്ഞ ദിവസം ശ്രീകാര്യത്ത് ഗുലാത്തി ഇൻസ്റ്രിറ്ര്യൂട്ടിൽ നടന്ന നികുതി ഉദ്യോഗസ്ഥരുടെ സംസ്ഥാന തല അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. 2013-14ലെ വാറ്ര് നികുതി കുടിശികയുടെ പേരിൽ അയച്ച നോട്ടീസിൽ വ്യാപകമായ തെറ്രുകൾ ഉണ്ടായിരുന്നു. തങ്ങളുടെ വിറ്രുവരവിന്റെ എത്രയോ മടങ്ങ് തുകയ്ക്കുള്ള നികുതി കുടിശിക നോട്ടീസാണ് ചില വ്യാപാരികൾക്ക് കിട്ടിയത്. ഇതേ തുടർന്ന് നടപടികൾ നിറുത്തിവയ്ക്കാൻ മന്ത്രി നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ നടപടികൾ തുടരേണ്ടി വരുമെന്നാണ് നികുതി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്. ഇല്ലെങ്കിൽ നിയമക്കുരുക്കാവുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു..തെറ്റായ നോട്ടീസ് അയച്ച ടാക്സ് ഓഫീസർമാർ, അസി. കമ്മിഷണർമാർ എന്നിവർക്കെതിരെ നടപടിയെടുക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് സൂചന. എ.ജി ഓഡിറ്റ് നടക്കാത്ത വാറ്ര് കുടിശികകളിൽ മാത്രം നടപടി എടുത്താൽ മതിയെന്നായിരുന്നു അവലോകന യോഗത്തിൽ പങ്കെടുത്ത ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാട്. തുടർന്ന് ഉന്നത ഉദ്യോഗസ്ഥരെ വിശദമായ പഠനം നടത്താൻ ചുമതലപ്പെടുത്തുകയായിരുന്നു.
ഓഫീസർമാർ പറയുന്നത്
നോട്ടീസ് അയച്ച തങ്ങളെ മാത്രം ക്രൂശിക്കാൻ ഉന്നത ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുകയാണെന്നാണ് ഓഫീസർമാരുടെയും അസി. കമ്മിഷണർമാരുടെയും ആരോപണം. ഉടൻ നോട്ടീസ്
അയക്കണമെന്നും തെറ്റുകൾ ഉണ്ടെങ്കിൽ വ്യാപാരികൾ മറുപടി തരുന്ന സമയത്ത് തിരുത്താൻ അവസരം നൽകാമെന്നുമാണ് മേലധികാരികൾ പറഞ്ഞത്. നോട്ടീസ് അയയ്ക്കാൻ വൈകിയാൽ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാപാരികൾക്ക് ബിൽ വിശദാംശങ്ങൾ നൽകാനും അനുവാദം നൽകിയില്ല. അയച്ച നോട്ടീസുകളിൽ തെറ്രുകുറ്രങ്ങൾ ഉണ്ടെങ്കിൽ വകുപ്പിലെ ഇന്റേണൽ ഓഡിറ്ര് വിഭാഗത്തെ ഏല്പിച്ചാൽ മതിയെന്നാണ് ഇവരുടെ പക്ഷം. മൊഡ്യൂളിലെ തെറ്രിന് തങ്ങളെ ബലിയാടാക്കുകയാണെന്നാണ് ഇവരുടെ ആരോപണം. .
ഉന്നത ഉദ്യാഗസ്ഥരുടെ നിലപാട്
നികുതി കുടിശ്ശിക നോട്ടീസുകളിൽ തുടർ നടപടിയില്ലെങ്കിൽ നിയമക്കുരുക്കാവും. ഇതിനായി ഉണ്ടാക്കിയ മൊഡ്യൂളിൽ കുഴപ്പമില്ല . ചില ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് അപാകതകൾക്ക് കാരണം. നിയമക്കുരുക്കിനെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.