ama

തിരുവനന്തപുരം: വിശപ്പകറ്രാൻ മണ്ണുതിന്നേണ്ടിവന്ന കൈതമുക്ക് റെയിൽവേ പുറമ്പോക്കിലെ കുഞ്ഞുങ്ങളുടെ ദൈന്യം മാദ്ധ്യമങ്ങളിൽ കണ്ടു നടുങ്ങിയവർ ഈ കോളനിയിലേക്ക് ഒന്നു വരണം. മാലിന്യം കുമിഞ്ഞ് നാറിക്കിടക്കുന്ന ആമയിഴഞ്ചാൻ തോടിനും നിലവിളിച്ചുപായുന്ന ട്രെയിനുകൾക്കുമിടയിലെ കുഴിയിൽ,​ ജീവിച്ചിരിക്കുന്നുവെന്നതിന് ജീവനല്ലാതെ മറ്റൊരു രേഖയും കൈവശമില്ലാതെ പതിനൊന്നു കുടുംബങ്ങൾ! ഷീറ്റു പാകി മറച്ച ഓരോ വീട്ടിലുമുണ്ട്,​ ഒന്നിലേറെ കുടുംബങ്ങൾ.

തോട്ടിൽ നിന്നുള്ള നാറുന്ന ഈർപ്പത്തിൽ നനഞ്ഞ വെറുംനിലത്ത് തുണിവിരിച്ചാണ് ഇവരുടെ കിടപ്പ്. പുരുഷന്മാർ കൂലിപ്പണിക്കാർ. സ്ത്രീകൾ അടുത്ത വീടുകളിലും കടകളിലും ശുചീകരണത്തിനു പോകും. ചായ്പുകളിൽ ബാക്കിയാകുന്നത് വൃദ്ധരും രോഗികളും കുട്ടികളും. പകൽസമയം ഇവർ കുഴിയിൽ നിന്ന് മുകളിലേക്കു കയറി റോഡിൽ ചെന്നിരിക്കും. വീടിനെക്കാൾ വെടിപ്പുണ്ടല്ലോ റോഡിന്!

മഴ കനക്കുമ്പോൾ അമ്മമാർ നനഞ്ഞ നിലത്ത് കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് കിടക്കും. ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് എപ്പോൾ വേണമെങ്കിലും അഴുക്കുവെള്ളം കവിഞ്ഞ് വീട്ടിലേക്കു കയറാം. ചിലപ്പോൾ പാമ്പുകളും എലിയും രാപാർക്കാനെത്തും. ഇവിടെ ജനിച്ച തങ്ങൾക്ക് ഇവിടെത്തന്നെ ജീവിച്ചു മരിക്കാനാണ് വിധിയെന്ന് കോളനി താമസക്കാരിയായ അജിത പറയുന്നു.

എല്ലാ വീട്ടുകാർക്കും കൂടി ഒരു കിണറുണ്ട്; ഒരു പൊതു പൈപ്പും. സർക്കാരിന്റെ ആനുകൂല്യ പദ്ധതികൾ പലതിലും പലപ്പോഴും പേരുണ്ടാകും. പക്ഷേ,​ ആധാരമോ പട്ടയമോ റേഷൻകാർഡ് പോലുമോ ഇല്ലെന്ന കാര്യം പറഞ്ഞ് എല്ലാം നിഷേധിക്കും. ദാരിദ്ര്യവും ദുരിതവുമാണെങ്കിലും ഇന്നോളം കോളനിയിലെ ആരും ഒരു കേസിലും ഉൾപ്പെട്ടിട്ടില്ലെന്നും ഈ വീട്ടമ്മമാർ ചൂണ്ടിക്കാണിക്കുന്നു.

സി.പി.എം വഞ്ചിയൂർ ലോക്കൽ കമ്മിറ്റി ഓഫീസിനു പിൻവശത്താണ് കൈതമുക്ക് കോളനി. കോളനി നിവാസികൾക്ക് കുടിവെള്ളവും വൈദ്യുതിയും ശുചിമുറി സൗകര്യവും നൽകിയത് പാർട്ടി ഇടപെട്ടാണെന്നാണ് നേതാക്കളുടെ വിശദീകരണം. നഗരത്തിന്റെ തിരക്കുകൾക്കു നടുവിൽ ആരുമറിയാതെ ദുരിതം ഭക്ഷിച്ചു ജീവിക്കുന്ന കുറേ കുടുംബങ്ങളുടെ കഥ കൂടിയാണ് മണ്ണു തിന്നേണ്ടി വന്ന കുട്ടികളുടെ കണ്ണീർക്കാഴ്ചയ്ക്കൊപ്പം പുറംലോകമറിയുന്നത്.