ആര്യനാട്: മേലേച്ചിറ വിഷ്ണുനിവാസിൽ ശാലു (24) കരമനയാറ്റിൽച്ചാടി മരിച്ച സംഭവത്തിൽ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമന്ന് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. ആത്മഹത്യാക്കുറിപ്പിന്റെയും ശാലുവിന്റെ സഹോദരൻ എ.നിധീഷിന്റെ പരാതിയെയും തുടർന്ന് ശാലുവിന്റെ ഭർത്താവ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിനെതിരെ സ്ത്രീധന പീഡന വകുപ്പ് ചുമത്തി ആര്യനാട് പൊലീസ് കേസെടുത്തിരുന്നു.എന്നാൽ ഭർത്താവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയാറായിട്ടില്ലെന്നും പ്രശാന്തിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ ആരോപിച്ചു.
കഴിഞ്ഞ മാസം 30ന് രാത്രിയിലാണ്‌ ശാലു ഉഴമലയ്ക്കൽ ഏലിയാവൂർ പാലത്തിൽ നിന്ന് കരമനയാറിൽ ചാടിയത്. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ശാലുവിന്റെ സ്കൂട്ടറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് പെ‌ാലീസിന് ലഭിച്ചിരുന്നു. ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.വേലായുധൻ, വൈസ് ചെയർമാൻ സി.എസ്.അജേഷ്, കൺവീനർ എം.എസ്.സജി, ജോയിന്റ് കൺവീനർമാരായ എം.ഷാജി, കെ.നന്ദകുമാർ, എസ്.ഉദയകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.