തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലേക്ക് കല്ലേറു നടത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത കെ.എസ്.യു പ്രവർത്തകരെയും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലെ അനധികൃത അന്തേവാസിയായ എട്ടപ്പൻ മഹേഷിനെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ഉപരോധവും സംഘടിപ്പിച്ചു. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് പ്രകടനമായി എത്തിയ വിദ്യാർത്ഥികളെ കന്റോൺമെന്റ് സ്‌റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡ് തകർത്തു മുന്നേറാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. തുടർന്ന് സംഭവത്തിൽ പങ്കാളികളായ മുഴുവൻ കെ.എസ്.യു പ്രവർത്തകരെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സ്‌റ്റേഷനു മുന്നിൽ നിന്ന് വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിച്ചു. പ്രതികളെ ഉടനടി അറസ്റ്റു ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.എഫ്.ഐ നേതാക്കൾക്ക് പൊലീസുമായി നടത്തിയ ചർച്ചയിൽ ലഭിച്ച ഉറപ്പിന്മേലാണ് ഒരു മണിക്കൂറിലേറെ നീണ്ട ഉപരോധം അവസാനിപ്പിച്ചത്.
എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി റിയാസ് വഹാബ് ഉപരോധം ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് അഭിജിത് .ജെ.ജെ അദ്ധ്യക്ഷത വഹിച്ചു.എസ്.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്, റിയാസ് .എ.ആർ. രാഹുൽ എ.രാജൻ, ആര്യ രാജേന്ദ്രൻ, അജിൻ പ്രഭ, നകുൽ എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.