photo

നെടുമങ്ങാട് : വിധിയെ തോല്പിച്ച് നന്ദിത വരയ്ക്കുന്ന ചിത്രങ്ങൾക്ക് മിഴിവേറെയാണ്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ വൈറസ് ഇൻഫെക്ഷനുണ്ടായി വലത്കൈയും കാലും നട്ടെല്ലും പൂർണമായി തളർന്നു പോയി. ഇടതു കൈയുടെ സ്വാധീനത്തിലാണ് പടങ്ങൾ വരയ്ക്കുന്നത്. ആനാട് മൂഴി സ്വദേശികളായ ബിജു - ബിന്ദു ദമ്പതികളുടെ മകളായ നന്ദിത ഇപ്പോൾ പനവൂർ സ്‌കൂളിൽ പത്താംക്ലാസിൽ പഠിക്കുന്നു. ആനാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ ഛായാചിത്രം വരച്ച് അവൾ ശ്രദ്ധനേടി. പൂർണമായും വീൽചെയറിലുള്ള ജീവിതമാണ് നന്ദിതയുടേത്. ശാസ്ത്രീയ പരിശീലനം ലഭിച്ചാൽ ഈ മിടുക്കി ചിത്രകലയുടെ വാഗ്ദാനമായി മാറും. ജില്ലാ പഞ്ചായത്തംഗം ആനാട് ജയന്റെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് നന്ദിത വരച്ച ചിത്രം ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഷീല, ക്ഷേമകാര്യ ചെയർപേഴ്‌സൺ ഷീബാ ബീവി, വാർഡ് മെമ്പർ സുനിൽ, ബ്ലോക്ക് മെമ്പർ മഞ്ചു എന്നിവരും ചടങ്ങിൽ പങ്കെടുത്തു.