തിരുവനന്തപുരം: ഓൺലൈൻ വഴി പണം തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യക്കാരനായ പ്രതി പിടിയിൽ. മലയാളികളടക്കമുള്ളവരുടെ സ്റ്റീൽ കമ്പനികൾക്ക് സ്റ്റീൽ ഉൽപന്നങ്ങൾ ഓൺലൈൻ വഴി വാഗ്ദാനം ചെയ്ത് വൻതുക തട്ടിയെടുത്ത് മുങ്ങുന്ന കേസിലെ മുഖ്യപ്രതിയായ വിശാഖപട്ടണം സ്വദേശി വടലമണി രവി ശങ്കറിനെയാണ് ( 28) തിരുവനന്തപുരം സൈബർ ക്രൈം പൊലീസ് സംഘം കൊൽക്കത്തയിലെത്തി അറസ്റ്റ് ചെയ്തത്.
നവീൻ ഏജൻസീസ് എന്ന സ്റ്റീൽ കമ്പനിയുടെ ഉടമയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. പ്രതി കുറഞ്ഞ വിലയ്ക്ക് സ്റ്റീൽ വാഗ്ദാനം ചെയ്ത പരസ്യം ഓൺലൈനിൽ കണ്ടാണ് ഓർഡർ നൽകിയത്. ഇയാൾ കമ്പനിയുടമയെ ഫോണിൽ ബന്ധപ്പെട്ട് പണം ആവശ്യപ്പെടുകയും പല ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് പണം അയച്ചുകൊടുക്കുകയും ചെയ്തു. സ്റ്റീൽ അയച്ചിട്ടുണ്ടെന്നും വാഹനം വരുന്ന വഴിക്ക് കേടായെന്നും പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നി പൊലീസിനെ സമീപിച്ചത്.
തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിന്റെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. സൈബർ ക്രൈം ഡിവൈ.എസ്.പി ജീജി എൻ, പൊലീസ് ഇൻസ്പെക്ടർ റോജ്.ആർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയുടെ എ.ടി.എം കാർഡ്, ഇ-മെയിൽ, സിസി ടിവി ഫൂട്ടേജ് എന്നിവ പരിശോധിച്ചപ്പോൾ, ഇയാൾ കൊൽക്കത്ത യിലുള്ളതായി കണ്ടെത്തി. തുടർന്ന് അവിടത്തെ പൊലീസിന്റെ സഹായത്തോടെ ഇൻസ്പെക്ടർ റോജ്.ആർ, എസ്.ഐ ബിജുകുമാർ, സി.പി.ഒമാരായ ശബരീനാഥ്, വിജേഷ് എന്നിവർ ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയിൽ നിന്നും മറ്റൊരാളിന്റെ പേരിലെടുത്ത ബാങ്ക് അക്കൗണ്ട് വിവരങ്ങളും സിം കാർഡുകൾ, എ.ടി.എം കാർഡുകൾ, ബാങ്ക് പാസ്ബുക്കുകൾ എന്നിവയും കണ്ടെത്തി.ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.