തിരുവനന്തപുരം: സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഒരു കാരണവശാലും പറ്റില്ലെന്ന് ഹൈക്കമാൻഡ് പ്രതിനിധികളോട് മുതിർന്ന നേതാക്കൾ തറപ്പിച്ചു പറഞ്ഞതോടെ 'ഇലയ്ക്കും മുള്ളിനും കേടില്ലാതെ' പ്രശ്നപരിഹാരത്തിന് സമവായശ്രമം ഊർജ്ജിതമായി. തിരഞ്ഞെടുപ്പ് നടത്തേണ്ടത് അഭിമാനപ്രശ്നമായി മാറിയ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വത്തിന് ക്ഷീണം സംഭവിക്കാതെയുള്ള ഫോർമുലയ്ക്കാകും ഹൈക്കമാൻഡ് ശ്രമിക്കുക.
കഴിഞ്ഞദിവസം തിരുവനന്തപുരത്തെത്തിയ ഹൈക്കമാൻഡ് പ്രതിനിധികൾ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്ന് നേതാക്കളും നിലപാടിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. യൂത്ത് കോൺഗ്രസ് ചുമതല വഹിക്കുന്ന എ.ഐ.സി.സി ജോയിന്റ് സെക്രട്ടറി കൃഷ്ണ അല്ലവുരുവും യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി. ശ്രീനിവാസുമാണ് ഉമ്മൻ ചാണ്ടിയെയും രമേശിനെയും കണ്ടത്. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ജനറൽസെക്രട്ടറി രവീന്ദ്രദാസ് മുല്ലപ്പള്ളിയുമായും ചർച്ച നടത്തി.
തിരഞ്ഞെടുപ്പ് ഒഴിവാക്കി ബദൽ മാർഗം തേടണമെന്നാണ് ഇരുപത് മിനിറ്റോളം നീണ്ട ചർച്ചയിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടത്. യൂത്ത് കോൺഗ്രസിന്റെ ഇപ്പോഴത്തെ ഇലക്‌ഷൻ സമ്പ്രദായം ശാസ്ത്രീയമല്ലെന്നും ഗ്രൂപ്പ് മാത്രമല്ല, അല്ലാതെയും വലിയ തമ്മിലടിയിലേക്ക് നയിക്കുന്നതാകും തിരഞ്ഞെടുപ്പ് എന്നുമാണ് മുല്ലപ്പള്ളി ചൂണ്ടിക്കാട്ടിയത്. തിരഞ്ഞെടുപ്പ് അനിവാര്യമാക്കിയ സാഹചര്യങ്ങളും നടത്തേണ്ടതിന്റെ ആവശ്യകതയും ബോദ്ധ്യപ്പെടുത്താൻ അഖിലേന്ത്യാസംഘം ശ്രമിച്ചെങ്കിലും ഫലവത്തായില്ല.
സംസ്ഥാനത്ത് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ അടുത്തുവരുന്നത് ഉൾപ്പെടെയുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ നേതാക്കൾ വിശദീകരിച്ചു. വികാരം ഹൈക്കമാൻഡിനെ അറിയിക്കാമെന്നു മാത്രം പറഞ്ഞാണ് അഖിലേന്ത്യാ നേതൃത്വം ചർച്ചകൾ അവസാനിപ്പിച്ചത്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പിന് നിന്ന് കൊടുക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാതെ, പ്രകടനം വിലയിരുത്തി ഭാരവാഹികളെ നിശ്ചയിക്കാമെന്ന നിലയിലേക്ക് അഖിലേന്ത്യാ നേതൃത്വം മാറുമെന്നാണ് സൂചന.
എം.എൽ.എമാരായ ഷാഫി പറമ്പിലിനെ എ ഗ്രൂപ്പും കെ.എസ്. ശബരിനാഥനെ ഐ ഗ്രൂപ്പും നിർദ്ദേശിച്ചെങ്കിലും അതിനു വഴങ്ങാതെയുള്ള പുന:സംഘടനയ്ക്കാവും അഖിലേന്ത്യാ നേതൃത്വം താല്പര്യപ്പെടുകയെന്ന് സൂചനയുണ്ട്. ഇരുവർക്കും 36 വയസ്സ് കഴിഞ്ഞതും പ്രശ്നമാണ്. 35 വയസ്സാണ് പ്രായപരിധി. പുതിയ സാഹചര്യത്തിൽ ഇരുവരും മാറാൻ സന്നദ്ധരാണെന്നും അറിയുന്നു.
ഇവർ മാറുകയാണെങ്കിൽ, എ ഗ്രൂപ്പിനാണ് സംസ്ഥാനത്ത് അപ്രമാദിത്വം എന്നതുകൊണ്ടുതന്നെ സമവായ ഫോർമുല രൂപപ്പെട്ടാൽ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് നിലവിലെ മലപ്പുറം ജില്ലാ പ്രസിഡന്റ് റിയാസ് മുക്കോളി, തമിഴ്നാടിന്റെ ചുമതല വഹിക്കുന്ന നാഷണൽ കോ-ഓർഡിനേറ്ററും സംസ്ഥാന സെക്രട്ടറിയുമായ എൻ.എസ്. നുസുർ എന്നിവർക്ക് സാദ്ധ്യത കല്പിക്കപ്പെടുന്നുണ്ട്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഐ ഗ്രൂപ്പിൽ നിന്ന് കണ്ണൂർ ജില്ലാ പ്രസിഡന്റ് റിജിൽ മാക്കുറ്റി, വടകര പാലർമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ. രാഗേഷ് എന്നിവർക്ക് സാദ്ധ്യത കരുതുന്നു.