child-rights-commission

തിരുവനന്തപുരം: പട്ടിണി കാരണം കുട്ടികൾ മണ്ണുതിന്ന വാർത്തയിൽ കേരളം നടുങ്ങിയതിനു പിന്നാലെ,​ തന്റെ കുട്ടികൾ പട്ടിണി കിടന്നിട്ടില്ലെന്നും അവർ മണ്ണു തിന്നത് പട്ടിണി കാരണമാണെന്ന പ്രചാരണം വിഷമമുണ്ടാക്കിയെന്നും അമ്മ ശ്രീദേവിയുടെ മൊഴി. ബാലാവകാശ കമ്മിഷനു നൽകിയ മൊഴിയിലാണ് കുട്ടികളുടെ അമ്മയുടെ പുതിയ വെളിപ്പെടുത്തൽ.

കഴിഞ്ഞ ശനിയാഴ്ച ശിശുക്ഷേമ സമിതിയിൽ നിന്ന് രണ്ടുപേർ വീട്ടിൽ വന്നിരുന്നു. അപ്പോൾ കുട്ടികൾ കളിക്കുകയായിരുന്നു. അതിനിടയിൽ മണ്ണ് വായിൽ വയ്ക്കുന്നതു കണ്ട് തെറ്റിദ്ധരിച്ചതാണ് ഇത്തരം പ്രചാരണത്തിന് ഇടയാക്കിയത്. ഭർത്താവ് കുഞ്ഞുമോൻ കുട്ടികളെ സ്ഥിരമായി ഉപദ്രവിക്കുന്നതു കാരണമാണ് വീട്ടിൽ നിന്നു മാറ്റി ശിശുക്ഷേമ സമിതിയിലെത്തിക്കാൻ തീരുമാനിച്ചതെന്നും ശ്രീദേവി പറഞ്ഞു.

ഭർത്താവ് മൂത്തകുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നെങ്കിലും സ്ഥിരമായി കൂലിപ്പണിക്കു പോകുകയും വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്‌തിരുന്നു. വീട്ടിലെത്തിയ ശിശുക്ഷേമ സമിതി പ്രവർത്തകർ നൽകിയ കടലാസ് വായിച്ചുനോക്കാതെ ഒപ്പിട്ടു നല്കുകയായിരുന്നുവെന്നും കമ്മിഷന് ഇവർ മൊഴി നൽകി.

അതേസമയം , കുട്ടികൾ വിശപ്പു സഹിക്കാനാകാതെ മണ്ണു തിന്നുന്ന സ്ഥിതിയാണെന്നും,​ ഇവരെ ഏറ്റെടുക്കണമെന്നും ശ്രീദേവി നൽകിയ അപേക്ഷയെ തുടർന്നാണ് നാലു കുട്ടികളെ നിയമാനുസൃതം കൂട്ടിക്കൊണ്ടുവന്നതെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി എസ്.പി ദീപക് പറഞ്ഞു. സമിതിയുടെ 1517 എന്ന ടോൾഫ്രീ നമ്പറിൽ ലഭിച്ച ഫോൺകാളിലൂടെയാണ് ഇവരുടെ ദയനീയസ്ഥിതി അറിഞ്ഞത്.

തുടർന്ന് ശനിയാഴ്ച സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിൽ കാര്യങ്ങൾ ശരിയാണെന്നു ബോധ്യമായി. ഇവർക്ക് റേഷൻകാർഡോ, നിർദ്ധനർക്കുള്ള ആനുകൂല്യങ്ങളോ ലഭിച്ചിരുന്നില്ല. പട്ടിണിമരണമായി മാറുന്ന സ്ഥിതിയായിരുന്നു ഇവരുടേതെന്നും ദീപക് പറഞ്ഞു.

ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർമാൻ പി.സുരേഷ് ഇന്നലെ ഇവരുടെ താമസസ്ഥലം സന്ദർശിച്ച് കുട്ടിയുടെ മുത്തശ്ശിയെക്കണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സിവിൽ സപ്ലൈസ് അധികൃതർ എത്തി കുടുംബത്തിന് റേഷൻകാർഡ് അനുവദിക്കുകയും ചെയ്തു. കുട്ടികളുടെ മുത്തശ്ശിക്കാണ് കാർഡ് കൈമാറിയത്. മാസംതോറും 35 കിലോ ഭക്ഷ്യധാന്യം ലഭിക്കുന്ന എ.എ.വൈ വിഭാഗത്തിലാണ് കാർഡ്.