മലയിൻകീഴ്: ബൈക്കിലെത്തി വൃദ്ധയുടെ മാല പൊട്ടിച്ചെടുത്തശേഷം കടന്നുകളഞ്ഞ കേസിൽ പാലോട് എക്സർവീസ് കോളനി സ്വാമി നഗർ പുല്ലുവിള ഹൗസിൽ എൻ. സുൽഫിക്കറെ(30) മലയിൻകീഴ് പൊലീസ് വാഹന പരിശോധനയ്ക്കിടെ പിടികൂടി. ഇന്നലെ രാവിലെ 8 മണിയ്ക്ക് തച്ചോട്ടുകാവ് ഭാഗത്ത് വാഹനപരിശോധന നടത്തുന്നതിനിടെയാണ് സുൽഫിക്കർ പിടിയിലായത്. ബൈക്ക് പരിശോധനയ്ക്കിടെ, രണ്ട് ഷർട്ട് ധരിച്ചിരിക്കുന്നതെന്തിനെന്ന് എസ്.ഐ. സൈജുവിന്റെ ചോദ്യം കേട്ട് വെറുതെ എന്ന മറുപടിയിൽ സംശയം തോന്നിയ പൊലീസ് ബാഗ് തുറന്ന് പരിശോധിച്ചപ്പോൾ ബൈക്കിന്റെ നമ്പർ പ്ലേറ്റ് കണ്ടു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം നേരത്തെ സൂക്ഷിച്ചിരുന്ന സി.സി.ടി.വി.കാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കമലാക്ഷിഅമ്മയുടെ മാല കവർന്നത് സുൽഫിക്കറാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇക്കഴിഞ്ഞ നവംബർ 19 ന് ഉച്ചയ്ക്ക് മഞ്ചാടി അഭയ ഗ്രാമത്തിന് എതിർവശത്തുള്ള തുണ്ടുവിള വീട്ടിൽ കമലാക്ഷിഅമ്മയുടെ (86) മാലയാണ് പൊട്ടിച്ചെടുത്തത്. ഹെൽമെറ്റ് ധരിച്ച് ബൈക്കിലെത്തിയ യുവാവ് വീടിന്റെ ഗേറ്റിന് അകത്ത് നിന്ന കമലാക്ഷിഅമ്മയുടെ അടുത്ത്
വന്ന് എന്നെ മനസിലായില്ലേ? എന്ന് ചോദിച്ച ശേഷം സ്വയം പരിചയപ്പെടുത്തി. നീ ഹെൽമേറ്റ് ഊരി മാറ്റ് എങ്കിലല്ലേ ആളെ മനസിലാവൂ എന്ന് കമലാക്ഷി അമ്മ പറഞ്ഞു. അവരുടെ ചെറുമകൾ ആര്യ വീട്ടിൽ നിന്ന് പുറത്തേക്ക് വന്ന് ആരെയാണ് അന്വേഷിക്കുന്നതെന്ന് യുവാവിനോട് ചോദിക്കുന്നതിനിടെ പിന്നിലേക്ക് തിരിഞ്ഞുനോക്കിയ കമലാക്ഷിഅമ്മയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നുകളയുകയായിരുന്നു. മാലയും ലോക്കറ്റുമായി 10 ഗ്രാമുണ്ട്. പാലോട്ടെ ജുവലറിയിൽ വില്പനനടത്തിയിരുന്ന മാല പൊലീസ് റിക്കവറി ചെയ്ത് കോടതിയിൽ സമർപ്പിച്ചു. വിദേശത്തായിരുന്ന സുൾഫിക്കർ നാട്ടിലെത്തിയ ശേഷമാണ് പിടിച്ച് പറി തുടങ്ങിയതെന്നും ഇന്നലെയും മലയിൻകീഴ് ഭാഗത്ത് മാല പിടിച്ച് പറിയ്ക്കുന്നതിന് സുൾഫിക്കർ പദ്ധതി തയ്യാറാക്കിയിരുന്നതായും പൊലീസ് പറഞ്ഞു. എസ്.ഐ സൈജു, സി.പി.ഒ മാരായ പ്രദീപ്, വരുൺ, നജീബ് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങുമെന്നും പൊലീസ് അറിയിച്ചു.