തിരുവനന്തപുരം: ലയൺസ് ഡിസ്ട്രിക്ട് 318 എയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 40 സ്‌കൂളുകളിൽ നിന്ന് 700 ഒാളം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ സ്‌പെഷ്യൽ സ്‌പോർട്സ് സംഘടിപ്പിച്ചു. ദക്ഷിണ വായുസേനാ മേധാവി എയർമാർഷൽ അമിത് തിവാരി ഉദ്ഘാടനം നിർവഹിച്ചു. ശാരീരിക വൈകല്യം (ഓർത്തോ ആൻഡ് ന്യൂറോ), കാഴ്ച വൈകല്യം, ശ്രവണ വൈകല്യം എന്നീ വിഭാഗങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ തലങ്ങളിൽ നടന്ന
മത്സരങ്ങളിൽ 62 പോയിന്റുമായി നെയ്യാറ്റിൻകര വഴുതൂർ ശ്രീകാരുണ്യമിഷൻ സ്‌കൂൾ ഓവറോൾ കിരീടം നേടി. ഗവ. സ്‌കൂൾ ഫോർ ബ്ളൈൻഡ് (വഴുതക്കാട്), സി.എസ്.ഐ.വി.എച്ച്.എസ്.എസ് ഫോർ ഡെഫ് (വാളകം, കൊട്ടാരക്കര) രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. സമ്മാനങ്ങൾ മേയർ കെ. ശ്രീകുമാർ വിതരണം ചെയ്‌തു. ഡിസ്ട്രിക്ട് ഗവർണർ ഡോ. എ.ജി. രാജേന്ദ്രൻ, വൈസ് ഗവർണർമാരായ പരമേശ്വരൻകുട്ടി, ഗോപകുമാർ മേനോൻ, മുൻ ഗവർണർമാരായ കെ. സുരേഷ്, അലക്‌സ് കുര്യാക്കോസ്, ജി. ഹരിഹരൻ, രവികുമാർ, ഡി.എസ്. ശ്രീകുമാരൻ, ഡിസ്ട്രിക്ട് ചെയർമാൻ ഡോ. കെ.ജി.സി. നായർ, ഡിസ്ട്രിക്ട് കോർട്ട് ടീം അംഗങ്ങളായ എസ്. അനിൽകുമാർ, കെ.എസ്. സുനിൽ, വി.കെ. ചന്ദ്രശേഖരപിള്ള എന്നിവർ സംസാരിച്ചു.