sfi

തിരുവനന്തപുരം: വധശ്രമക്കേസിലെ പ്രതിയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിട്ടും പ്രതിയെ പിടിക്കാതെ പൊലീസ്. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്.എഫ്.ഐയുടെ യൂണിയൻ ചെയർമാൻ റിയാസിനാണ് പൊലീസ് ' ഇളവ് അനുവദിച്ചത്'. ഇന്നലെ രാവിലെ 11ഓടെയാണ് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. മാർച്ച് ആരംഭിച്ചത് മുതൽ മുൻനിരയിൽ തന്നെ റിയാസ് ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നടന്ന കെ.എസ്.യു- എസ്.എഫ്‌.ഐ സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരെയും പൊലീസിനെയും ആക്രമിച്ച കേസിൽ ഒന്നാം പ്രതിയാണ് റിയാസ്. ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള കേസാണ് ഇയാൾക്കെതിരെയുള്ളത്. സംഘർഷത്തിൽ കെ.എസ്.യു പ്രവർത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽ നിന്നു മാർച്ച് ആരംഭിച്ചത്. യൂണിവേഴ്‌സിറ്റി കോളേജിൽ നിന്നും സംസ്‌കൃത കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ചാണ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം മാർച്ചിൽ പങ്കെടുപ്പിച്ചത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞപ്പോൾ തന്നെ വിദ്യാർത്ഥികൾ പലരും മടങ്ങാൻ ശ്രമിച്ചിരുന്നു. എന്നാൽ റിയാസിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ തടയുകയായിരുന്നു. ഈ നേരത്തെല്ലാം പൊലീസ് ഉദ്യോഗസ്ഥർ കാഴ്ചക്കാരുടെ റോളിലായിരുന്നു. മാർച്ചിന് ശേഷം അസിസ്റ്റന്റ് കമ്മിഷണറുമായി നടത്തിയ ചർച്ചയിലും റിയാസ് പങ്കെടുത്തു. എന്നിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിക്കാത്തത് ഗുരുതമായ വീഴ്ചയായാണ് വിലയിരുത്തുന്നത്. വിഷയത്തിൽ ഡി.ജി.പി ഉൾപ്പെടെയുള്ളവർ വിശദീകരണത്തിന് തയ്യാറായിട്ടില്ല. നിലവിൽ ആറ് എസ്.എഫ്.ഐ പ്രവർത്തകരെയാണ് ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്‌തത്. കേസിന്റെ പുരോഗതി അന്വേഷിക്കുമ്പോൾ മറ്റ് പ്രതികൾക്കായി അന്വേഷണം നടക്കുന്നുവെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ മാത്രം റിയാസിന്റെ പേരിൽ അഞ്ചിലധികം കേസുകളുണ്ട്. ഇതിൽ പലതും ഇപ്പോൾ അറസ്റ്റ് വാറണ്ടായിട്ടുണ്ട്.