തിരുവനന്തപുരം : വഞ്ചിയൂർ കോടതിയിലെ മജിസ്‌ട്രേട്ട് - അഭിഭാഷക തർക്കം സംബന്ധിച്ച പരിഹാരത്തിൽ അവ്യക്തത തുടരുന്നു. തർക്കം പരിഹരിച്ചെന്ന് കോടതിയിൽ പരിശോധനയ്‌ക്കെത്തിയ ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ പറയുമ്പോഴും ബഹിഷ്‌കരണം തുടരാനാണ് ബാർ അസോസിയേഷന്റെ തീരുമാനം.
അഭിഭാഷകർക്കെതിരായ കേസിൽ മജിസ്ട്രേട്ട് ഉറച്ചു നിൽക്കുന്നുവെന്നാണ് വിവരം. അതേസമയം മജിസ്ട്രേട്ട് ദീപ മോഹൻ ഇന്നലെ കോടതിയിലെത്തിയില്ല. ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരമാണ് ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ വഞ്ചിയൂർ കോടതിയിൽ പരിശോധനയ്‌ക്കെത്തിയത്. ബാർ അസോസിയേഷൻ, ബാർ കൗൺസിൽ ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനാ പ്രതിനിധികളുമായി അദ്ദേഹം സംസാരിച്ചു. തുടർന്ന് ജില്ലാ ജഡ്‌ജി കെ.ബാബുവുമായും കൂടിക്കാഴ്ച നടത്തി. ഇന്ന് മുതൽ അഭിഭാഷകർ മജിസ്‌ട്രേട്ട് ദീപ മോഹന്റെ കോടതിയുമായി സഹകരിക്കുമെന്നും ബാർ കൗൺസിൽ ചെയർമാൻ ഷാനവാസ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മജിസ്ട്രേട്ട് കേസ് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ബഹിഷ്കരണം തുടരാനാണ് അഭിഭാഷകരുടെ തീരുമാനം. ഇന്ന് കൊച്ചിയിൽ ചേരുന്ന ബാർകൗൺസിലിന്റെയും ബാർഅസോസിയേഷനുകളുടെ ഭാരവാഹികളുടെയും സംയുക്ത യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ബാർ അസോസിയേഷൻ ഭാരവാഹികൾ.