തിരുവനന്തപുരം: സ്‌കൂട്ടറിൽ ജ്യേഷ്ഠനോടൊപ്പം യാത്രചെയ്തിരുന്ന അനന്തു എന്ന യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. വള്ളക്കടവ് തൈവരമ്പത്ത് വീട്ടിൽ രാഹുൽ (പൊട്ടൻ രാഹുൽ, 22), കല്ലുംമൂട് ഗാന്ധി ലെയ്നിൽ മുരുകേശന്റെ മകൻ കാർത്തിക് (26), കമലേശ്വരം ആര്യൻകുഴി മണ്ണറപുത്തൻ വീട്ടിൽ രഞ്ചു (19), തിരുവല്ലം ഇടയാറിലെ ഉദയന്റെ മകൻ അഭിലാഷ് (20) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീവരാഹം മുക്കോലയ്ക്കൽ നിന്നും കല്ലുംമൂട് ഭാഗത്തേക്ക് വരവേ തിങ്കളാഴ്ച വൈകിട്ട് 5 നാണ് അനന്തുവിന് വെട്ടേറ്റത്. മുട്ടത്തറ വടുവത്തു ക്ഷേത്രത്തിനു സമീപം താമസിക്കുന്ന അനന്തുവിന്റെ അയൽവാസിയായ നവീൻ എന്ന ചെറുപ്പക്കാരനെ ആറു മാസങ്ങൾക്ക് മുമ്പ് വെട്ടി പരിക്കേൽപ്പിച്ചതിലുള്ള വിരോധമാണ് കൃത്യത്തിന് പിന്നിൽ. സ്‌കൂട്ടറിൽ വന്ന അനന്തുവിനെ തടഞ്ഞുനിറുത്തി ചുറ്റിക കൊണ്ട് അടിക്കുകയും വാളുപയോഗിച്ച് കൈകളിലും കാലിലും വെട്ടുകയുമായിരുന്നു. തടയാൻ ശ്രമിച്ച ജ്യേഷ്ഠൻ രഞ്ജിത്തിനെ ക്രിക്കറ്റ് സ്റ്റംപ് കൊണ്ട് ദേഹോപദ്രവവും ഏൽപ്പിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.