prakasanam

കിളിമാനൂർ: ആരോ​ഗ്യരം​ഗത്ത് കേരളം മത്സരിക്കുന്നത് വികസിത രാജ്യങ്ങളോടാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മടവൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച എൻ. ദേവദാസ് സ്മാരക മെഡിക്കൽ ലാബോറട്ടറിയുടെയും മുഹമ്മദ് സാലി സ്മാരക നീതി മെ‍ഡിക്കൽ സ്റ്റോറിന്റെയും ബാങ്കിന് ലഭ്യമായ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ പ്രഖ്യാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ ആരോ​ഗ്യരം​ഗത്ത് ഏറ്റവും മികച്ച ആരോ​ഗ്യസ്ഥാപനങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ആദ്യത്തെ പന്ത്രണ്ട് സ്ഥാനങ്ങളിലും കേരളത്തിലെ പ്രാഥമിക ആരോ​ഗ്യകേന്ദ്രങ്ങളായിരുന്നു. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കിയ ആർദ്രം മിഷന്റെ ഭാ​ഗമായാണ് നമ്മുടെ സർക്കാർ ആശുപത്രികളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞത്. ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന മെഡിക്കൽ ലാബിലൂടെ കുറഞ്ഞ നിരക്കിൽ പാവപ്പെട്ട രോ​ഗികൾക്ക് പരിശോധനാ ഫലങ്ങൽ ലഭ്യമാക്കാനുള്ള പദ്ധതി മാതൃകാപരമാണെന്നും ഇതിനായി പരിശ്രമിച്ച ഭരണസമിതിയെ അഭിനന്ദിക്കുന്നതായും മന്ത്രി പറ‍ഞ്ഞു. ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് അഡ്വ: മടവൂർ അനിൽ അദ്ധ്യക്ഷനായി. ബാങ്കിന് ലഭ്യമായ അന്താരാഷ്ട്ര ​ഗുണമേന്മാ അം​​ഗീകാരമായ ഐ.എസ്.ഒ സർട്ടിഫിക്കറ്റിന്റെ പ്രകാശനവും ഐ.എസ്.ഒ പ്രഖ്യാപനവും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. കൃതി പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പുസ്തക വിതരണം ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ബി.പി. മുരളിയും ബാങ്കിന്റെ മുൻ പ്രസിഡന്റുമാരെ ആദരിക്കൽ കിളിമാനൂർ സഹകരണ കാർഷിക ​​ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ആർ. രാമുവും നിർവഹിച്ചു. മികച്ച കർഷകരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, പഞ്ചായത്ത് പ്രസിഡന്റ് ​ഗിരിജാ ബാലചന്ദ്രൻ എന്നിവർ ചേർന്ന് ആദരിച്ചു. വി. ജോയി എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എസ്. ജയചന്ദ്രൻ, വിവിധ സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജി.വിജയകുമാർ, എസ്.മധുസൂദനക്കുറുപ്പ്, ഡോ. കെ. വിജയൻ, എസ്. വിദ്യാനന്ദകുമാർ, ഡോ. ബി. രവീന്ദ്രലാൽ, സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ കൃഷ്ണകുമാർ, അരവിന്ദൻ, രേണുക, സുനിൽകുമാർ, ജോസ് ജോൺ, കെ. സലിം, എ.എസ്. സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി മുരളീധരൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാ​ഗതസംഘം ചെയർമാൻ ഷൈജുദേവ് സ്വാ​ഗതവും ഭരണസമിതിയം​ഗം ബി. സുനന്ദലാൽ നന്ദിയും പറഞ്ഞു.